Timely news thodupuzha

logo

കോൺഗ്രസ് എന്തുകൊണ്ട് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ബി.ജെ.പിയെ എതിർക്കുന്നില്ല; മുഖ്യമന്ത്രി

കണ്ണൂർ: ബി.ജെ.പി ആർ.എസ്.എസ് അജണ്ട നടപ്പാക്കുമ്പോൾ എന്തേ മതനിരപേക്ഷ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനെ എതിർക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൗരത്വ ഭേദഗതിക്കെതിരെ നമ്മുടെ കേരളം വ്യത്യസ്തമായ നിലപാടാണ് ഇവിടെ സ്വീകരിച്ചതെന്നും നിയമഭേദഗതി ഉണ്ടായ ഉടനെ തന്നെ കേരളം ഈ നിയമഭേദ​ഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യത്ത് ഒരുപാട് പ്രശ്നങ്ങൾ ഉയർന്നുവന്നു. ആ പ്രശ്നങ്ങളിൽ ഒന്നിലും യു.ഡി.എഫിന്റെ 18 അംഗ എം.പി സംഘത്തെ എവിടെയും കാണാൻ പറ്റിയില്ല.

കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ മുഴങ്ങേണ്ട പല ഘട്ടങ്ങളിലും ഈ 18 പേരും നിശബ്ദത പാലിച്ചു. ഈ 18 അം​ഗ സംഘം ചെയ്ത കാര്യങ്ങൾ വിലയിരുത്താനുള്ള അവസരമായിട്ടു കൂടിയാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.

രണ്ടാം ഊഴം കിട്ടിയ ബി.ജെ.പി അപ്പോൾ തന്നെ നടപ്പാക്കാൻ തയ്യാറായത്, നമ്മുടെ രാജ്യത്തെ മതനിരപേക്ഷത തകർക്കാനുള്ള നടപടിയാണ്. അതാണ് പൗരത്വ നിയമ ഭേദ​ഗതി.

അതിലൂടെ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിലാക്കി. ഇതിനെതിരെ കോൺഗ്രസിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നതായി ആരും കണ്ടില്ല.

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ഡൽഹിയിൽ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടന്ന ദിവസം അവരുടെ പാർട്ടി പ്രസിഡന്റിന്റെ വിരുന്നിൽ പങ്കെടുക്കുന്ന 18 അംഗ സംഘ കോൺഗ്രസുകാരെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

രാഹുൽ ഗാന്ധിക്ക് വലിയ പരാതി അദ്ദേഹത്തെ വിമർശിക്കുന്നു എന്നാണ്. പൗരത്വ നിയമ ഭേദ​ഗതി ചട്ടങ്ങൾ പുറത്തു വന്ന ഘട്ടത്തിൽ രാഹുൽ ​ഗാന്ധി രാജ്യത്ത് ഒരു യാത്ര നടത്തിയിരുന്നു.

രാജ്യത്തും ലോകത്തുള്ള എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചെങ്കിലും പൗരത്വ നിയമ ഭേദ​ഗതിയെ കുറിച്ച് മാത്രം അദ്ദേഹം ഒന്നും മിണ്ടിയില്ല. അത് ചൂണ്ടികാട്ടുന്നതാണോ വിമർശനം എന്ന് പറയുന്നത്.

കോൺഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കാൻ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതിൽ ചേർത്തിരുന്നുവെന്നും പക്ഷേ നേതാക്കൾ അടങ്ങിയ സമിതി യോഗം ചേർന്നപ്പോൾ അത് വേണ്ടെന്നുവച്ചെന്നുമാണ് ഇതാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.

ആ സമിതിയുടെ അധ്യക്ഷൻ പി ചിദംബരം പറഞ്ഞത് പ്രകടന പത്രികയുടെ നീളം കൂടിപ്പോകുന്നത് കൊണ്ട് ഈ ഭാഗം ഉൾപ്പെടുത്തിയില്ല എന്നാണ്.

പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും എന്നൊരു വാചകം അവിടെ എഴുതിയാൽ പ്രകടന പത്രികയുടെ നീളം അത്രയങ്ങ് കൂടിപോകമോ.

നൂറ്റാണ്ടിലെ പ്രളയം കേരളം നേരിട്ടപ്പോൾ ആ ആപത്ത് കാലത്ത് സഹായിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പറയുന്നു കേരളത്തെ വികസിപ്പിക്കുമെന്നും ഇതും ജനം വിശ്വസിക്കണം എന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തെ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ സാധിക്കാത്ത വിധം സാമ്പത്തികമായി ഞെരുക്കുന്ന രീതി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി.

കേരളത്തോട് പക തീർക്കുന്ന സമീപനമാണ് അവരുടേത്. അർഹതപ്പെട്ട പണം ലഭിക്കുന്നതിനു പോലും സുപ്രീം കോടതിയുടെ ഇടപെടൽ വേണ്ടി വരുന്നു.

ഇതിൽ ബി.ജെ.പി ഉയർത്തിയ വാദത്തിന്റെ കൂടെയായിരുന്നു കോൺഗ്രസിന്റെ ഈ 18 അംഗ സംഘവും. ആ സംഘത്തിൽ ഒരാളാണ് രാഹുൽ ഗാന്ധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *