തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആനകെട്ടിപ്പറമ്പില്‍ ബസിലെ ഡ്രൈവര്‍ ഇടവെട്ടി സ്വദേശി സക്കീറിന്റെ (52) നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ പ്രതികളായ അമ്മാസ് ബസിന്റെ ഉടമ ഉള്‍പ്പെടെ നാല് പേര്‍ പൊലീസില്‍ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം എന്ന നിസാര്‍, ഇയാളുടെ മക്കളായ മുഹ്സീന്‍, മന്‍സൂര്‍, സലിമിന്റെ സഹോദരന്‍ സക്കീര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട് അമ്മാസ് ബസിലെ കണ്ടക്ടര്‍ കോലാനി സ്വദേശി മനു (28), ഡ്രൈവര്‍ മുതലക്കോടം സ്വദേശി അമല്‍(28) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്‍ഡിലാണ്. ഇതോടെ കേസിലെ ആറ് പ്രതികളും റിമാന്‍ഡിലാണ്.
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പില്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്.
സംഘര്‍ഷത്തിനിടെ തലയ്ക്കടിയേറ്റ സക്കീര്‍ സ്റ്റാന്‍ഡില്‍ ബോധരഹിതനായി വീഴുകയായിരുന്നു. തലയില്‍ പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മാസ് ബസിന്റെ ഉടമയടക്കം കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ഇതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയല്‍ കഴിയുന്ന സക്കീറിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.