ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ എൻ ജെ സുനേഖിൻ്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ എത്തിയത്. വാഹനം നിർത്താൻ പോലീസുകാർ കൈ കാണിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു.
പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂടി .മറ്റ് രണ്ടുപേർ ഇരട്ടയാർ ടൗണിൽ വച്ചാണ് പിടിയിലായത്.
നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ രാത്രി സമയങ്ങളിൽ യുവാക്കളുടെ സംഘം പലയിടങ്ങളിലും കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് മൂവർ സംഘം പിടിയിലായത്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്ത വരും ഒരാൾ 18 വയസ്സുകാരനുമാണ്. മുമ്പ് കട്ടപ്പന ടി ബി ജംഗ്ഷനിൽ വച്ച് കട്ടപ്പന എസ് ഐയെ ബൈക്ക് ഇടിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ ഉടമയാണ് ഇന്നലെ പിടിയിലായവരിൽ ഒരാൾ.