കളമശേരി: അപ്പോളൊ ടയേഴ്സിൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പറേറ്റർ വിശ്വനാഥൻ (54), അസിസ്റ്റൻ്റ് ഓപ്പറേറ്റർ വർഗീസ് (40), അസിസ്റ്റൻ്റ് ഫോർമാൻ സാഗർ (29) എന്നിവർക്കാണ് പൊള്ളലേറ്റത്. തിങ്കൾ വൈകിട്ട് എട്ട് മണിയോടെയാണ് അപകടം. ടയർ നിർമ്മാണത്തിൻ്റെ അവസാനഘട്ടമായ ക്യൂറിങ് നടക്കുന്നതിനിടെ ക്യൂറിങ് പ്ലാൻ്റ് തുറന്നപ്പോൾ ബ്ലാഡർ പൊട്ടിത്തെറിക്കുകയും ഉയർന്ന ഊഷ്മാവിലുള്ള നീരാവിയും വെള്ളവും ചീറ്റിത്തെറിക്കുകയുമായിരുന്നു. മൂന്നു പേരെയും കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.