തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കിൽ അമൃതയുടെ യാത്ര മുടങ്ങി. ഒമാനിൽ ഗുരുതരാവസ്ഥയിലായി ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ അവാസനമായി ഒരു നോക്കു കാണാൻ വിമാനത്താവളത്തിൽ എത്തി കെഞ്ചിയിട്ടും പോലും അധികൃതർ അമൃതയെ അനുവദിച്ചില്ല.
തിങ്കളാഴ്ച ഭർത്താവ് മരണത്തിന് കീഴടങ്ങിയതോടെ വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി നീങ്ങാനാണ് അമൃതയുടെയും കുടുംബത്തിൻറെയും തീരുമാനം.
മസ്കറ്റിൽ ഐ.ടി മാനേജരായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന് കഴിഞ്ഞ ഏഴാം തീയതിയാണ് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഭാര്യ അമൃതയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
ഇതെത്തുടർന്ന് ഭർത്താവിനെ കാണാൻ പിറ്റേന്ന് രാവിലെ മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത ടിക്കറ്റ് ബുക്ക് ചെയ്തു.
രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.
അടിയന്തരമായി മസ്‌കറ്റിൽ എത്തണമെന്ന് പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാൽ യാത്ര മുടങ്ങുകയായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് കെഞ്ചിയെന്നും ആരും ഇടപെട്ടില്ലെന്നും അമൃത പറയുന്നു. കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു. ടിക്കറ്റിൻറെ പണം റീഫണ്ട് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്.
ഈ അവസ്ഥയ്ക്ക് കമ്പനിയാണ് ഉത്തരവാദികളെന്നും അതിനാൽ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് കുടുംബം അറിയിക്കുന്നത്. നഴ്‌സിങ്ങ് വിദ്യാർഥിനിയാണ് അമൃത. മക്കൾ: അനിക(യു.കെ.ജി), നമ്പി ശൈലേഷ്(പ്രീ.കെ.ജി).