തിരുവനന്തപുരം: കേരള കോൺഗ്രസ് സി.പി.എം വിട്ട് യു.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സി.പി.എം അരക്കില്ലത്തിൽ വെന്തുരുകരുതെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവുമെന്നും ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ ഇടതു പാർട്ടിക്ക് ആവില്ല.
കേരളാ കോൺഗ്രസ് എം ഇപ്പോൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണെന്നും മുഖപത്രം വിമർശിക്കുന്നു.
ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികളെ കരുതാൻ സി.പി.എം തയ്യാറാകില്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ ആവശ്യപ്പെട്ട മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് മുന്നണി മര്യാദയുടെ പേരിലാണെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം ജോസ് കെ മാണി കൗശലമില്ലാത്ത നേതാവാണെന്നും എന്നാൽ മകൻ യു.ഡി.എഫിനോട് കാണിച്ചത് കൊടും ചതിയാണെന്നും വിമർശിക്കുന്നു.
പലതരം കൈപ്പേറിയതും നോവിക്കുന്നതുമായ കാര്യങ്ങൾ സി.പി.എമ്മിൽ നിന്നുണ്ടായിട്ടും പാർട്ടി പിളർത്താനും എൽ.ഡി.എഫിൽ ചേക്കേറാനും പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിയാവാനുള്ള ജോസ് കെ മാണിയുടെ അത്യാർഥിയായിരുന്നെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം മാണിയുടെ മകന് രാഷ്ട്രീയത്തിൽ കർഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും ലേഖനം പറയുന്നു.
ജോസിന് എൽ.ഡി.എഫ് കൊടുത്ത രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറയാണ്. ജോസിനെ ലാളിച്ച സി.പി.ഐ.എം ആവേശം ആറിത്തണുത്തുവെന്നും കെ.എം മാണി വത്തിക്കാൻ പോലെ കാത്ത് സൂക്ഷിച്ച പാലായിൽ ജോസ് കെ മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.