കുടയത്തൂർ: സംഗമം ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് പാഞ്ഞു കയറി. ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ഭാഗത്തുള്ള ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന പിറവം ഓണക്കൂർ സ്വദേശികളായ ജോ(45), റജി(50), മണി(47), ജോജു(47) എന്നിവർക്ക് പരിക്കേറ്റു. ഇവർ ഇടുക്കിയിൽ പോയി മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശവാസികൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഈ കെട്ടിടത്തിൽ കുടയത്തൂർ സ്വദേശികളായ അജീഷും, അനീഷും ഫർണീച്ചർ വർക്ക്‌ഷോപ്പ് നടത്തിവരികയാണ്. ഇന്നലെ ഉച്ചവരെ അനീഷ് വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പണി നിർത്തി പോയതിനാൽ അനീഷ് അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവർ സ്ഥിരമായി പണിയെടുക്കുന്ന ഭാഗത്തേക്കാണ് കാർ ഇടിച്ചു കയറിയത്.