Timely news thodupuzha

logo

പുനെ കാർ അപകടത്തിൽ പ്രതിയായ പതിനേഴുകാരന്‍റെ മുത്തച്ഛൻ അറസ്റ്റിൽ

പുനെ: പ്രായപൂർത്തിയാകാത്ത ആൺ കുട്ടി ഓടിച്ചിരുന്ന പോർഷെ കാർ ഇടിച്ച് രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ പതിനേഴുകാരന്‍റെ മുത്തച്ഛൻ അറസ്റ്റിൽ. കേസിൽ തങ്ങളുട ഡ്രൈവറെ പ്രതിയാക്കാൻ ശ്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

അപകടം നടക്കുന്ന സമയത്ത് തങ്ങളുടെ ഡ്രൈവറാണ് വാഹനമോടിച്ചിരുന്നതെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചുവെന്നും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.

അതു മാത്രമല്ല കേസിലെ ദൃക്സാക്ഷികളെ ഇവർ സ്വാധീനിച്ച് മൊഴിമാറ്റാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കുട്ടിക്ക് പോർഷെ കാറിന്‍റെ താക്കോൽ നൽകിയതും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയതും താനാണെന്ന് മുത്തച്ഛൻ സമ്മതിച്ചു. പ്ലസ്ടു വിജയം ആഘോഷിക്കാനാണ് കാർ നൽകിയത്.

കുട്ടിയുടെ പിതാവ് നേരത്തേ തന്നെ അറസ്റ്റിലായിരുന്നു. മദ്യ ലഹരിയിലാണ് കുട്ടി വാഹനമോടിച്ചിരുന്നത്. അപകടത്തിൽ രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാരാണ് മരണപ്പെട്ടത്.

കുട്ടിയെ ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയെങ്കിലും ഉടൻ തന്ന ജാമ്യം നൽകിയ നടപടി വൻ വിവാദമായി മാറിയിരുന്നു. ഇതേത്തുടർന്ന് ജാമ്യം റദ്ദാക്കി കുട്ടിയെ ഒബ്സർവേഷൻ ഹോമിലാക്കി.

Leave a Comment

Your email address will not be published. Required fields are marked *