തൊടുപുഴ: കഞ്ചാവ് കൈമാറുന്ന വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്‌ഥരുടെ നേരെ കുരുമുളകു പൊടി എറിഞ്ഞ് രക്ഷപ്പെട്ട പ്രതികളെ ഡിവൈഎസ്‌പിയുടെ സ്ക്വാഡ് ആലുവയിൽ നിന്ന് പിടികൂടി. ഇടവെട്ടി അന്തീനാട്ട് റംബുട്ടാൻ എന്നു വിളിക്കുന്ന അൻസിൽ(37), മുതലക്കോടം പഴുക്കാകുളം കോട്ടശേരിൽ ആരോമൽ(21) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ 21ന് രാത്രി മുതലക്കോടം പഴുക്കാക്കുളം റോഡിലാണ് പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നത്. രണ്ടു പേർ ചേർന്ന് വായനശാലയ്ക്ക് സമീപം റോഡിൽ കഞ്ചാവ് വിൽക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ എസ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി.
പൊലീസ് അടുത്തെത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിലൊരാളുടെ ടീ ഷർട്ടിൽ പൊലീസ് പിടിച്ചു. ഇതിനിടെ പ്രതികൾ കുരുമുളക് പൊടി പ്രേ ചെയ്‌ത ശേഷം ടീ ഷർട്ട് ഊരി പ്രതികൾ സമീപത്തെ പാടത്തേക്ക് ചാടി ഓടി രക്ഷപ്പെട്ടു.
പൊലീസ് പിന്നാലെ ഓടിയെങ്കിലും സ്ഥല പരിചയമുള്ള പ്രതികൾ ഇതിനോടകം സ്ഥലം വിട്ടിരുന്നു. എന്നാൽ ഇവർ വിൽപനയ്ക്കെത്തിച്ച് ഒന്നര കിലോയോളം കഞ്ചാവും സഞ്ചരിച്ചിരുന്ന സ്കൂട്ടറും പ്രതികൾക്ക് എടുക്കാനായില്ല.
പ്രതികൾ എത്തിച്ച കഞ്ചാവ്, സ്‌കൂട്ടർ, ടീ ഷർട്ട്, ഒരു മുണ്ട് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
സംഭവത്തിനു ശേഷം ബാംഗ്ലൂരിലേക്ക് പോയ പ്രതികൾ തിരികെ ട്രെയിനിൽ എത്തുന്നത് സംബന്ധിച്ച് സൂചന ലഭിച്ച ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങൾ ആലുവ റെയിൽവേ സ്‌റ്റേഷനിൽ കാത്തു നിന്നാണ് ഇവരെ പിടികൂടിയത്.
ആലുവയിൽ നിന്ന് ഹൈറേഞ്ചിലേക്ക് കടക്കാനായി ലോറി ഡ്രൈവറെ ചട്ടം കെട്ടി നിർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.