കൊച്ചി: ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള കുടിയൊഴിപ്പിക്കലിന് താൽക്കാലിക സ്റ്റേ.
ഈ മാസം 19 വരെ കുടിയൊഴിപ്പിക്കൽ ഹൈക്കോടതി തടഞ്ഞു. ജെഡിയു അധ്യക്ഷൻ ഡോക്ടർ മുഹമ്മദ് സാദിഖ് നൽകിയ ഹർജിയിലാണ് നടപടി. ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
കാർഷികാവശ്യങ്ങൾക്കായി ലീസിന് നൽകിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചു പിടിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്.
വിവിധ ദ്വീപുകളിലായി 575.75 ഹെക്ടർ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ച് പിടിക്കാൻ ഒരുങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടി എന്നാണ് വിശദീകരണം.
കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ വിവിധ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.
വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ഒന്നടങ്കം ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണത്തിൽ സർവേ നടപടികളുമായി മുന്നോട്ടുപോയെങ്കിലും പ്രതിഷേധം ശക്തമായി.
ജന്മം ഭൂമിയും, പണ്ടാരം ഭൂമിയും എന്നിങ്ങനെ രണ്ട് തരം ഭൂമികൾ ആണ് ലക്ഷദ്വീപിൽ ആകെ ഉള്ളതെന്നും, ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഉത്തരവിൻറെ പല ഭാഗങ്ങളിലും ആവർത്തിച്ച് പറയുന്നുണ്ട്.
കൃഷിക്കും മറ്റുമായി പണ്ടാരം ഭൂമി ജനങ്ങൾക്ക് ലീസിന് നൽകിയതാണെന്നും ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നും ജില്ലാ കളക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന് ആവശ്യമുള്ളപ്പോൾ ഭൂമി തിരിച്ച് പിടിക്കാമെന്നും ഉത്തരവിലുണ്ട്.
റോഡ്, ആശുപത്രികൾ, സ്കൂളുകൾ, തുറമുഖ നവീകരണം, ടൂറിസം തുടങ്ങി നിരവധി വികസന പദ്ധതികൾ ലക്ഷദ്വീപ് ഭരണകൂടം തുടങ്ങുകയാണെന്നും ഇതിന് വേണ്ടി പ്രസ്തുത ഭൂമികൾ തിരിച്ച് പിടിക്കുകയാണെന്നുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻറെ വാദം. എന്നാൽ തിരിച്ചുപിടിക്കുന്ന ഭൂമിക്ക് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയില്ലെന്നത് ദ്വീപുവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.