കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു.
വിദ്യാർത്ഥിനി പരിക്കുകളോടെ രക്ഷപെട്ടു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്.
ഇരുവശവും നോക്കി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ് വരുന്നത് കണ്ട് കുട്ടി ഓടിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇടിക്കുകയായിരുന്നു.
ബസിന്റെ അടിയിൽപ്പെട്ട വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പറഞ്ഞു.
ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.