Timely news thodupuzha

logo

എറണാകുളം മണ്ഡലത്തിൽ തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിൽ പരാതി പ്രളയം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ദയനീയ തോൽവിക്കു പിന്നാലെ ജില്ലയിലെ സി.പി.എം നേതൃത്വത്തിൽ കടുത്ത പോര്.

ഹൈബി ഈഡനോട് തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിനു പരാതി പ്രളയം. സ്ഥാനാർത്ഥിയുടെ കൈയിലിരിപ്പാണ് ദയനീയ തോൽവിക്കു കാരണമെന്നാണ് പ്രധാന ആക്ഷേപം.

തെരഞ്ഞെടുപ്പ് സമയം സ്ഥാനാർത്ഥി ആഡംബര സൗകര്യങ്ങൾ ഉൾപ്പടെ ചോദിച്ചുവെന്നും മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരോട് ക്ഷോഭിച്ചുവെന്നുമൊക്കെ പരാതികളിലുണ്ട്.

ലത്തീന്‍ സഭാംഗം, വനിത തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ചാണ് കെ.ജെ. ഷൈനെ എറണാകുളത്ത് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. പറവൂർ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ ഷൈന്‍ സംഘടനയില്‍ ജൂനിയറാണെങ്കിലും പ്രസംഗ പാടവം കൊണ്ട് പെട്ടെന്ന് ശ്രദ്ധ നേടി.

എന്നാല്‍, എല്‍ഡിഎഫ് നിശ്ചയിച്ച പ്രചാരണ പരിപാടികളോട് ഷൈന്‍ വേണ്ട രീതിയില്‍ സഹകരിച്ചില്ലെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി.

പലപ്പോഴും നിശ്ചയിച്ച സമയത്ത് പ്രചാരണത്തിന് എത്തിയില്ല, പ്രചാരണ ചുമതലയുള്ള പ്രവർത്തകരോടും നേതാക്കളോടും അനാവശ്യമായി ക്ഷോഭിച്ചു, വിശ്രമ വേളകളില്‍ എയർ കണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് വാശി പിടിച്ചു തുടങ്ങിയവയാണ് പ്രധാന പരാതികള്‍.

പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച്‌ വിളിച്ച ഘടക കക്ഷി പാർട്ടിയുടെ ജില്ലാ സെക്രട്ടറിയോട് സംസാരിക്കാന്‍ പോലും ഷൈന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

പാർട്ടിയോട് ആലോചിക്കാതെ സംഭാവന വാങ്ങിയെന്ന ആരോപണവും നേതൃത്വത്തിനു മുന്നിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ചേർന്ന എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ വ്യാപക പരാതികളാണ് ഉയർന്നത്.

സി.പി.എം ഏതാണ്ട് തോൽവി ഉറപ്പിച്ച് മത്സരിക്കുന്ന മണ്ഡലത്തിൽ ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും ഷൈനു സാധിക്കുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ.

എന്നാൽ, യു.ഡി.എഫ് സ്ഥാനാർത്ഥി നേടിയ 2,48,930 – ഈ ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയ വോട്ട്. 2,30,059 വോട്ടുകൾ മാത്രമാണ് ഇടത് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *