കുമളി: ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗൽ- കുമളി റോഡ് നാലുവരിപ്പാതയാക്കും. 3,000 കോടി രൂപ ചെലവിൽ നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഉടൻ കരാർ വിളിക്കും. 133 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ ദിണ്ടിഗലിനും കുമളിക്കും ഇടയിലുള്ള യാത്രാ സമയം കാര്യമായി കുറയും.
വിശദമായ പ്രോജക്ട് റിപ്പോർട്ട്(ഡി.പി.ആർ) തയാറാക്കാനുള്ള ഏജൻസിയെ ഉടൻ നിയോഗിക്കും. ഇത് യാഥാർത്ഥ്യമായാൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്‌നാട്ടിൽ നിന്നുളള യാത്രയും എളുപ്പത്തിലാകും. പദ്ധതിയുടെ ഭാഗമായി 26 ജംഗ്ഷനുകൾ വിപുലീകരിക്കും.
ഗതാഗതക്കുരുക്ക് രൂക്ഷമായ സെമ്പട്ടി- മധുര- പഴനി റോഡ്, ബോഡിനായ്ക്കന്നൂർ, ഉത്തമപാളയം എന്നിവിടങ്ങളിൽ അടിപ്പാതകളും പാലങ്ങളും നിർമിക്കും. പുതിയ പാതയോടു ചേർന്നുള്ള നാനൂറോളം ഗ്രാമീണ റോഡുകളും വികസിപ്പിക്കും. 2 ടോൾ പ്ലാസകളും ഉണ്ടാകും. 9000 മരങ്ങൾ മുറിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനവും ഇതിനു മുന്നോടിയായി നടത്തും.
കുമളി – ഡിണ്ടിഗൽ പാത നാലുവരിയാകുന്നതോടെ കുമളി നഗരത്തിനും വൻ മാറ്റങ്ങളുണ്ടാകും. ചരക്കുനീക്കവുമായി ബന്ധപ്പെട്ടവർ, ശബരിമല, പഴനി, വേളാങ്കണ്ണി തീർഥാടകർ, ഊട്ടി, കൊടൈക്കനാൽ, തേക്കടി എന്നിവിടങ്ങളിലേക്ക് വരുന്ന വിനോദസഞ്ചാരികൾ എന്നിവരുടെ വരവ് വൻതോതിൽ ഉയരും. ഈ റൂട്ടിലെ വൻ ഹബ്ബായി കുമളി മാറും.