ഭുവനേശ്വർ: ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി സർക്കാരിനെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് മോഹൻ ചരൺ മാഝി നയിക്കും.
പറ്റ്നഗഡ് രാജകുടുംബാംഗം കനക് വർധൻ സിങ്ങ് ദേവും സാമൂഹിക പ്രവർത്തക പ്രവതി പരിദയും ഉപമുഖ്യമന്ത്രിമാരാകും. ഭുവനേശ്വറിൽ ചേർന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗമാണു മൂവരെയും തെരഞ്ഞെടുത്തത്.
സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചിന് ജനതാ മൈതാനിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ നേതാക്കൾ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്ങിന്‍റെയും ഭൂപേന്ദർ യാദവിന്‍റെയും മേൽനോട്ടത്തിലായിരുന്നു യോഗം.
അമ്പത്തിരണ്ടുകാരൻ മാഝിക്ക് നിയമസഭയിൽ ഇതു നാലാമൂഴമാണ്. കഴിഞ്ഞ നിയമസഭയിൽ ബി.ജെ.പിയുടെ ചീഫ് വിപ്പായിരുന്നു. 2000 – 2009ൽ നവീൻ പട്നായിക്കിന്‍റെ എൻ.ഡി.എ സർക്കാരിൽ മന്ത്രിയായിരുന്നു നിയുക്ത ഉപമുഖ്യമന്ത്രി കെ.വി സിങ്ങ് ദേവ്.
ഒഡീഷ ഹൈക്കോടതിയിലെ അഭിഭാഷകയായിരുന്നു സാമൂഹിക പ്രവർത്തകയായ പ്രവതി. 24 വർഷത്തെ ബി.ജെ.ഡി ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വിജയം.
147 അംഗ നിയമസഭയിൽ 78 അംഗങ്ങളുണ്ട് ബി.ജെ.പിക്ക്. ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച നവീൻ പട്നായിക്കിന്‍റെ ബി.ജെ.ഡി. 51 സീറ്റുകളിലേക്ക് ചുരുങ്ങി.
1998 മുതൽ 2009 വരെ ബി.ജെ.ഡി നേതൃത്വം നൽകുന്ന സഖ്യത്തിലായിരുന്നു ബി.ജെ.പി. കന്ധമൽ കലാപത്തെത്തുടർന്ന് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച ബി.ജെ.ഡി ഒറ്റയ്ക്കു ഭരിക്കുന്നതിനിടെയാണ് തോൽവി.
ഇത്തവണ ഇരുകക്ഷികളും വീണ്ടും സഖ്യത്തിന് നീക്കം നടത്തിയിരുന്നു. എന്നാൽ, ഒഡീഷയിലെ ബി.ജെ.പി നേതൃത്വം സഖ്യം വേണ്ടെന്ന നിലപാടെടുത്തു.
ഒഡീഷയ്ക്കു ലഭിച്ച പുതിയ മുഖ്യമന്ത്രിക്കു താമസിക്കാൻ പുതിയ വസതി കണ്ടെത്തേണ്ടി വരും. 24 വർഷമായി അധികാരത്തിലിരുന്ന ബി.ജെ.ഡി നേതാവ് നവീൻ പട്നായിക്ക് സ്വന്തം വീടായ “നവീൻ ഹൗസ്’ തന്നെയാണ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നത്.
അച്ഛൻ ബിജു പട്നായിക്ക് പണികഴിപ്പിച്ച ഈ വീട്ടിൽ ഭരണകേന്ദ്രത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പുതിയ മുഖ്യമന്ത്രി വരുമ്പോൾ ഇത്രയും സൗകര്യങ്ങളുള്ള വീടില്ലെന്നതാണ് അധികൃതരെ അലട്ടുന്നത്.
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഗ്രീവൻസ് സെല്ലായി ഉപയോഗിക്കുന്ന വസതിയാണ് മോഹൻ ചരൺ മാഝിക്കു വേണ്ടി പരിഗണിക്കുന്നത്. ഇത് സജ്ജമാക്കുന്നത് വരെ ഔദ്യോഗിക അതിഥി മന്ദിരം ഉപയോഗിച്ചേക്കും.