ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതിയുടെ വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ജാമ്യ ഉത്തരവിനെതിരായ ഇ.ഡിയുടെ അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹര്‍ജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു.
വ്യാഴാഴ്ചയാണ് മദ്യനയക്കേസില്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഇന്ന് കെജ്‌രിവാൾ പുറത്താറാങ്ങാനിരിക്കെ ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിക്കെതിരേ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, അപ്പീല്‍ നല്‍കുന്നതിനായി 48 മണിക്കൂര്‍ സമയത്തേക്ക് ജാമ്യം നല്‍കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം പോലും വിചാരണക്കോടതി അംഗീകരിച്ചില്ലെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുക ആയിരുന്നു.
ഇതേ തുടര്‍ന്നാണ് ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.