Timely news thodupuzha

logo

ബയോമൈനിങ്ങ്; പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്തു

തൊടുപുഴ: പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ ബയോമൈനിങ്ങ് പ്രവർത്തിയുടെ ഭാഗമായി വേർതിരിച്ച മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്യുന്നതിൻ്റെ ഫ്ലാഗ് ഓഫ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആൻ്റണി നിർവഹിച്ചു.

തൊടുപുഴ നഗരസഭയിൽ പാറക്കടവ് ഡമ്പിങ്ങ് യാർഡിൽ 40 കൊല്ലമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ഭൂമിയെ വീണ്ടെടുക്കുന്നതിന് സ്വച് ഭാരത്‌ മിഷൻ നഗരം – രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ബയോമൈനിങ്ങ് പദ്ധതിയുടെ പ്രവർത്തന പുരോഗതി നഗരസഭ വിലയിരുത്തി.

കോഴിക്കോട് ആസ്ഥാനമായുള്ള എം.സി.കെ കുട്ടി എഞ്ചിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റെഡാണ് കരാർ ഏജൻസി. ആറ് മാസം കൊണ്ട് 1.24 ഏക്കർ സ്ഥലത്തുള്ള 26683 എം3(മീറ്റർ ക്യൂബ്) മാലിന്യമാണ് നീക്കം ചെയ്യുക. ഇതിനായി 2.83 കോടി രൂപയാണ് പദ്ധതി തുകയായി നഗരസഭ വകയിരുത്തിയിരിക്കുന്നത്.

നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ കരീം, വാർഡ് കൗൺസിലർ കവിത അജി, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *