ഇടുക്കി: അവധി ദിവസങ്ങളിൽ അമ്മ സംഗീതയ്ക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകും അഞ്ചാം ക്ലാസുകാരിയായ അളകനന്ദ .പഠിക്കാനുള്ള ബുക്കും പുസ്തകവും എല്ലാം ബാഗിനുള്ളിൽ ആക്കിയാണ് യാത്ര.
പഠനം അമ്മ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഇരുന്ന്.കഴിഞ്ഞ ദിവസവും വീട്ടിൽ നിന്നും അമ്മയ്ക്കൊപ്പം അങ്ങനെയൊരു യാത്ര പുറപ്പെട്ടു അളകനന്ദ .പെരിയാർ നദിക്ക് കുറുകെയുള്ള സുരക്ഷാ വേലിയില്ലാത്ത ചപ്പാത്തിലൂടെ നടക്കുന്നതിനിടെ വഴുക്കലിൽ ചവിട്ടി അതിശക്തമായ നീരൊഴുക്കുള്ള ഈ നദിയിലേക്ക് അവൾ വീണു.
തോളിൽ തൂക്കിയിരുന്ന ബാഗും പുസ്തകവും എല്ലാം പെരിയാർ കൊണ്ടുപോയി. പക്ഷേ തന്റെ ജീവൻ വിട്ടുകൊടുക്കാൻ അളകനന്ദ തയ്യാറായിരുന്നില്ല. മനോധൈര്യം വീണ്ടെടുത്ത് രണ്ടാം വയസ്സിൽ അമ്മ പറഞ്ഞു പഠിപ്പിച്ച്, പരിശീലിപ്പിച്ചു കൊടുത്ത പാഠം അവൾ ഓർമിച്ചു സർവ്വശക്തിയുമെടുത്ത് അവൾ നീന്തിക്കരക്കു കയറി
പെരിയാർ നദിയുടെ തീരത്താണ് അവൾ കളിച്ചു വളർന്നത്.അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ അമ്മ സംഗീത അവളെ നീന്തൽ പരിശീലിപ്പിച്ചിരുന്നു. പുഴയെ അവൾക്ക് നന്നായി അറിയാം. മകൾ പുഴയിൽ വീണപ്പോൾ ഒപ്പമുണ്ടായിരുന്ന അമ്മ സംഗീത അതെല്ലാം മറന്ന് മകളെ രക്ഷിക്കാൻ പുഴയിൽ ചാടി.
ഓടിക്കൂടിയ നാട്ടുകാർ സംഗീതയെ പിന്തിരിപ്പിച്ചു. മകൾ നീന്തി കരയ്ക്ക് കയറിയപ്പോൾ രണ്ടാം വയസ്സിൽ താൻ പകർന്നു കൊടുത്ത പാഠം മകളുടെജീവൻ്റെ വിലയുണ്ടെന്ന് ആ അമ്മയ്ക്ക് മനസ്സിലായി.
വണ്ടിപെരിയാർ പഞ്ചായത്തിൽ മ്ലാമല വിമൽ ജ്യോതി സ്കൂളി ലെ അഞ്ചാം ക്ലാസ് വിദ്യാത്ഥിനിയാണ് അളകനന്ദ. അഛൻ അഭിലാഷ് കുമാർ അമ്മ സംഗീത എന്നിവരുടെ ഏക മകൾ.
വീഴ്ചയിൽ പാലത്തിൻ്റെ വക്കിൽ കാൽമുട്ടിന് ഉണ്ടായെ ചെറിയ പരിക്കുമാത്രമാണ് അവൾക്കുണ്ടത്.പാലത്തിന് കൈവരികൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.
ചെറുതും വലുതുമായ വാഹനങ്ങളും സ്കൂൾ കുട്ടികൾ അടക്കം നിരവധി ആളുകളും സഞ്ചരിക്കുന്ന പാലമാണിത്.നീന്തൽ അറിയാവുന്നത് കൊണ്ട് മാത്രം അളകനന്ദ രക്ഷപ്പെട്ടു.
ഇനിയൊരു അപകടം ഉണ്ടായാൽ അപകടത്തിൽപ്പെടുന്നവരെ ആര് രക്ഷിക്കും.അടിയന്തരമായി ചപ്പാത്തിന് സുരക്ഷാവേലി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം നാട്ടുകാർ മുൻപോട്ടു വെയ്ക്കുന്നു. ആവശ്യം ന്യായമുള്ളതാണ് അത് ചെയ്തു നൽകാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തര നടപടി സ്വീകരിക്കേതായുമുണ്ട്.