തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.
അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന അപ്പുറത്തെ വീട്ടില്‍ നിന്ന് കമ്പിപ്പാരയെടുത്താണ് ജനല്‍ പൊളിച്ച് മോഷണം നടത്തിയത്.
ബന്ധുവിന്‍റെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്ത് സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വീട്ടില്‍ പ്രകാശനും ഭാര്യയും ഉണ്ടായിരുന്നു. വീടിന്‍റെ പുറകുവശത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.