തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേസമയം, ഇന്ന്(ജൂലൈ 10) മുതൽ വ്യാഴാഴ്ച രാത്രി 11.30 വരെ കേരള തീരത്തും തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വടക്കൻ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചു.