കളമശേരി: ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകിയത് പരിഭ്രാന്തി പരത്തി. നിരവധി വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.15ന് കണ്ടെയ്നർ റോഡിൽ നിന്ന് തുടങ്ങി പാതാളം കവല വരെയാണ് ടാങ്കർ ലോറിയിൽ നിന്നും ഡീസൽ ഒഴുകിയത്.
ഇതിനെ തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. സംഭവം അറിഞ്ഞ ഏലൂർ നഗരസഭ കൗൺസിലർ മാഹിൻ ഏലൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ച് സംഭവ സ്ഥലത്തെത്തി.
തുടർന്ന് ഫയർഫോഴ്സ് ജീവനക്കാരെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി. അപകടത്തിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എടത്തല സ്വദേശിയായ യുവതിയെ മഞ്ഞുമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.