ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളിജീയം ശുപാർശ നൽകി.
ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ സിങ്ങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആർ മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. 2012 ജനുവരി 23ന് ആണ് ബോംബെ ഹൈക്കോടതി ജഡ്ജയായി നിയമിതനായത്.
ഷോലപൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായ് ഈ മാസം നാലിനാണ് വിരമിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖാണ് നിലവിൽ കേരള ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ്.
സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശ നൽകിയ ജസ്റ്റിസ് എൻ.കെ സിങ്ങ് മണിപ്പൂർ സ്വദേശിയാണ്. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് എൻ.കെ സിങ്ങ് മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീം കോടതി ജഡ്ജിയാകും.