Timely news thodupuzha

logo

ശക്തമായ മഴ നേര്യമംഗലം ദേശീയപാതയിൽ യാത്രാ നിരോധനം

കോതമംഗലം: കനത്ത മഴയും, കാറ്റും മൂലം കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ വള്ളിപടർപ്പുകൾ ഉൾപ്പെടെ കാട്ടുമരം വീണു.

ബുധൻ രാവിലെ 10.30 നായിരുന്നു സംഭവം.കോതമംഗലത്ത് നിന്ന് അഗ്നി രക്ഷാ സേനയെത്തി മരം വെട്ടിമാറ്റി ഗതാഗതയോഗ്യമാക്കി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ ബിനോയ്, അസ്സി. സ്റ്റേഷൻ ഓഫീസർ എം അനിൽ കുമാർ, കെ.എൻ ബിജു, സേനാംഗങ്ങളായ രാഗേഷ് കുമാർ, സുബ്രഹ്മണ്യൻ, ബിനു, അജിലേഷ്, ‘അതുൽ വി ബാബു, ശ്രുതിൻ പ്രദീപ് എന്നിവരാണ് പങ്കെടുത്തത്.

കോതമംഗലം കീരംപാറ വില്ലേജ് ഓഫീസ് വളപ്പിൽ നിന്നിരുന്ന മരം മുറ്റത്തേക്ക് മറിഞ്ഞ് വീണ്, വഴി ബ്ലോക്കായത് കോതമംഗലം അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി.

നേര്യമംഗലം വഴി അത്യാവശ്യ യാത്രികർക്ക് മാത്രം അനുവാദം. വിനോദ സഞ്ചാരികൾക്ക് ഉൾപ്പടെ യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. പൊതു ഗതാഗതം, മറ്റ് അവശ്യ സർവീസുകൾക്ക് മാത്രമാണ് യാത്ര അനുമതി. നേര്യമംഗലം വനമേഖലയിലെ അപകടകരമായ മരങ്ങൾ നിൽക്കുന്നത് മൂലമാണ് നിരോധനം.

ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജ് നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിൽ ധാരാളം മരങ്ങൾ വീണ് ഗതാഗത തടസങ്ങൾ ഉണ്ടാകുന്നതാണെന്നും ആയതിനാൽ അപകട സാധ്യത ഒഴിവാക്കുന്നതിനായി ഈ മേഖലയിൽ വിനോദ സഞ്ചാരികളുടേത് ഉൾപ്പടെയുള്ള അനാവശ്യ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് നിരോധനം.

Leave a Comment

Your email address will not be published. Required fields are marked *