ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ് യുജി)എഴുതിയവരിൽ 11,000ത്തിലധികം പേർക്ക് ലഭിച്ചത് വട്ടപ്പൂജ്യം. ഇതിന് പുറമേ നൂറ്കണക്കിന് പേർക്ക് നെഗറ്റീവ് മാർക്കും ലഭിച്ചു. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപണത്തെ തുടർന്ന് സുപ്രീം കോടതി നിർദേശ പ്രകാരം ഓരോ പരീക്ഷാ കേന്ദ്രങ്ങളിലെയും മാർക്ക് വിവരം പുറത്ത് വന്നതോടെയാണ് ഇക്കാര്യവും വ്യക്തമായത്.
ബിഹാറിലെ ഒരു സെന്ററിൽ പരീക്ഷയ്ക്കിരുന്ന വിദ്യാർത്ഥി നേടിയ -180(നെഗറ്റീവ് 180) മാർക്കാണ് ഇത്തവണത്തെ ഏറ്റവും മോശം സ്കോർ. 2250 വിദ്യാർത്ഥികൾക്ക് ഇത്തവണ പൂജ്യമാണ്.
9,400 വിദ്യാർത്ഥികൾക്ക് അതിലും പരിതാപകരമായ നെഗറ്റീവ് സ്കോറാണ്. വിവാദ പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പൂജ്യം മാർക്ക്.
പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥി ഒരു ചോദ്യത്തിനും ശരി ഉത്തരം എഴുതിയില്ലെന്ന് വിലയിരുത്താനാവില്ലെന്ന് എൻ.റ്റി.എ അധികൃതർ വിശദീകരിച്ചു. ചില ചോദ്യങ്ങൾക്ക് ശരിയുത്തരം എഴുതിക്കാണും. തെറ്റായ ഉത്തരങ്ങളിലൂടെയുള്ള നെഗറ്റീവ് മാർക്കിലൂടെ ശരിയുത്തരത്തിന് ലഭിച്ച മാർക്കും ഇവർക്ക് നഷ്ടപ്പെട്ടതാകാം.
നെഗറ്റീവ് മാർക്ക് ലഭിച്ചവരുടെ കാര്യത്തിലും ഇതുസംഭവിക്കാമെന്ന് അവർ വിശദീകരിക്കുന്നു. ശരിയുത്തരത്തിന് നാല് മാർക്ക് ലഭിക്കുന്പോൾ തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് വീതം കുറയും.
ഉത്തരം എഴുതാത്തവയ്ക്കു മാർക്ക് ലഭിക്കുകയോ കുറയുകയോ ഇല്ല. അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പരീക്ഷാ സെന്ററുകൾ തിരിച്ച് ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചതോടെ ചില കേന്ദ്രങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി വ്യക്തമായിരുന്നു.
ചോദ്യ പേപ്പർ ചോർന്നത് ഉൾപ്പെടെ തട്ടിപ്പുകൾ വ്യക്തമായാൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന് കേസിന്റെ തുടക്കം മുതൽ സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.