Timely news thodupuzha

logo

കോയമ്പത്തൂരിൽ മോഷ്ടിക്കുന്നതിനിടെ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്

കോയമ്പത്തൂർ: മദ്യപിച്ച് മോഷണത്തിനെത്തിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. കാട്ടൂർ രാംനഗറിലെ നെഹ്റു സ്ട്രീറ്റിലെ രാജൻറെ വീട്ടിലാണ് സംഭവം.

മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കഴിഞ്ഞദിവസം പകൽസമയത്ത് രാജൻ വീട് പൂട്ടി ഭാര്യ വീട്ടിലേക്ക് പോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്.

മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തു കടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഇതിനിടെ അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയിൽ ഉറങ്ങി.

മണിക്കൂറുകൾക്ക് ശേഷം രാജനും കുടുംബവും തിരിച്ചെത്തിയപ്പോൾ വീട് തുറന്നു കിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തിനെ വിളിച്ച് വരുത്തി വീടിനകത്ത് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്.

ഉടൻ കാട്ടൂർ പൊലീസിനെ വിവരമറിയിച്ചു. എസ്.ഐമാർ സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മോഷ്ടിക്കാൻ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *