തൊടുപുഴ: ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് സ്പോർട്ട്സ് കൗൺസിൽ പെൻഷൻകാർ സമാഹരിച്ചെടുത്ത ഒരു ലക്ഷം രൂപയുടെ ചെക്ക് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി അനിലാൽ, സെക്രട്ടറി സി ജയൻ, വൈസ് പ്രസിഡൻ് എസ് കെ ജവഹർ എന്നിവർ ചേർന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുൾ റഹിമാന് കൈമാറി.
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് മാസത്തെ പെൻഷൻ നാളിതുവരെയും ലഭിക്കാതിരുന്നിട്ടും സഹജീവികളുടെ ദുരന്ത നിവാരണത്തിന് പെൻഷൻകാർ കൈകോർത്ത് സമാഹരിച്ച തുക വളരെ വിലപ്പെട്ടതും പരസ്പര സ്നേഹത്തിൻ്റെ പ്രതീകവുമായി സർക്കാർ വിലയിരുത്തുന്നതായി മന്ത്രി അറിയിച്ചു.
സ്പോർട്ട്സ് കൗൺസിൽ പെൻഷൻകാരുടെ ഓഗസ്റ്റ് മാസത്തെ പെൻഷനിൽ സാരമായ കുറവും, കാലതാമസവും വരുത്തിയിട്ടുള്ളത് ഗുരുതരമായ വീഴ്ചയാണ്. യാതൊരു കരണവശാലും ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല. കായിക മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയവരെ ചേർത്ത് നിർത്തി സ്നേഹ സ്പർശം നലകുന്നതിന് പകരം വേദനിപ്പിക്കുന്ന പ്രവണത ആവർത്തിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി.
സ്പോർട്സ് കൗൺസിൽ പെൻഷൻകാർക്ക് അർഹമായ പെൻഷൻ ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ
സ്വീകരിക്കണമെന്നും പ്രതിമാസ പെൻഷൻ വൈകാൻ ഇടവരരുതെന്നും സ്പോർട്സ് കൗൺസിൻ ഭാരവാഹികളോട് മന്ത്രി ആവശ്യപ്പെട്ടു.