തിരുവനന്തപുരം: ആരോപണ വിധേയനായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ബംഗാളി നടി ശ്രീലേഖ മിത്ര വെള്ളിയാഴ്ച രഞ്ജിത് ദുരുദ്ദേശ്യത്തോടെ സ്പർശിച്ചതായി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ രഞ്ജിത് പ്രഗത്ഭനായ കലാകാരനാണെന്നും പരാതി ലഭിച്ചാൽ മാത്രമേ നടപടി എടുക്കുകയുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങളിൽ രഞ്ജിത് മറുപടി പറഞ്ഞിട്ടുണ്ട്.
നടി നിയമപ്രകാരം പരാതി നൽകിയാൽ അതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കും. ആക്ഷേപം ഉന്നയിച്ചതിന്‍റെ പേരിൽ കേസെടുക്കാൻ പറ്റുമോയെന്നും അങ്ങനെയെടുത്ത കേസുകൾ നില നിന്നിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. ഒരു രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ പദവിയിൽ രഞ്ജിത് തുടരുന്നത്.
പാർട്ടിയാണ് അദ്ദേഹത്തെ മാറ്റി നിർത്തണമോയെന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത്. മന്ത്രിയെന്ന നിലയിൽ താൻ രഞ്ജിത്തിനോട് സംസാരിച്ചോ ഇല്ലയോയെന്നുള്ളത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.