Timely news thodupuzha

logo

ചിന്മയ് കൃഷ്ണദാസിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ധാക്ക: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഹിന്ദു സന്ന്യാസിയും മുൻ ഇസ്കോൺ അംഗവുമായ ചിന്മയ് കൃഷ്ണദാസിൻറെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.

കൃഷ്ണ ദാസിനായി അഭിഭാഷകരാരും കോടതിയിൽ ഹാജരാവാത്തതും ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ബംഗ്ലാദേശ് സർക്കാർ രംഗത്തെത്തുകയും ചെയ്തതോടെയാണ് കോടതി നടപടി.

ജനുവരി രണ്ടിലേക്ക് കേസ് മാറ്റിയത്. ഇതോടെ ഇനി ഒരു മാസം കൂടി ചിന്മയ് കൃഷ്ണ ദാസ് ജയിലിൽ കഴിയണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച ശേഷം അവിടത്തെ ഹിന്ദുക്കൾ വലിയ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.

പിന്നാലെ വിവിധയിടങ്ങളിൽ ഇസ്കോൺ സന്ന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഒക്റ്റോബറിൽ നടത്തിയ ഒരു റാലിക്കിടെ ബംഗ്ലാദേശി സനാതൻ ജാഗരൺ മഞ്ചിൻറെ വക്താവ് ചിന്മയ് കൃഷ്ണദാസും മറ്റു പതിനെട്ടു പേരും ചേർന്ന് ബംഗ്ലാദേശിൻറെ ദേശീയ പതാകയ്ക്കു മീതേ കാവിക്കൊടി ഉയർത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്.

ചിന്മയ് കൃഷ്ണദാസിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴും ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ചിന്മയ് കൃഷ്ണദാസിൻറേത് ഉൾപ്പെടെ 17 ഹിന്ദു സന്ന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇസ്കോണിൻറെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. മാത്രമല്ല, ഇസ്കോണിൻറെ മൂന്ന് സന്ന്യാസിമാരെകൂടി ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *