ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ‍്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങൾ കാരണമായെന്ന് ആർടിഒ എ.കെ ദിലു.
വാഹനത്തിൻറെ കാലപഴക്കം, ഡ്രൈവറുടെ പരിചയക്കുറവ്, ഓവർലോഡ്, പ്രതികൂല കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങൾ അപകടത്തിലേക്ക് നയിച്ചുവെന്ന് ആർടിഒ പറഞ്ഞു.
നേരെ ഇടിച്ചിരുന്നെങ്കിൽ ഇത്ര ആഘാതം ഉണ്ടാവില്ലായിരുന്നു. സൈഡ് ചെരിഞ്ഞ് ഇടിച്ചതുകൊണ്ട് അപകടം ഗുരുതരമായി. വിദ‍്യാർത്ഥികൾ 9:30 ൻറ സിനിമ കാണാൻ വേണ്ടി ഇറങ്ങിയെന്നാണ് പറയുന്നത്.
അപകടമുണ്ടായത് 9:20നാണ് അതിനാൽ സ്പീഡ് കൂട്ടാനുള്ള സാധ‍്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ വളരെ പതുക്കെയാണ് പൊതുവേ വണ്ടിയോടിക്കുക. സിസിടിവി ദൃശൃങ്ങളിൽ നിന്ന് വണ്ടി പതുക്കെയായിരുന്നുവെന്ന് പറയാനാകില്ല.
ഡ്രൈവർക്ക് ലൈസൻസ് ലഭിച്ചിട്ട് അഞ്ച് മാസം ആയിട്ടുള്ളു. പരിചയക്കുറവുണ്ട്. ഏഴ് പേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ 11 പേരാണുണ്ടായിരുന്നത്.
കൂടുതൽ പേർ വാഹനത്തിൽ ഉണ്ടായത് അപകടത്തിൻറെ ആഘാതം വർധിക്കുന്നതിനിടയായി. ഓവർ ടേക്ക് ചെയ്യുന്നത് സിസിടിവി ദൃശ‍്യങ്ങളിൽ കാണുന്നില്ല. കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരുകയാണ്’ ആർടിഒ ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കി.
സിനിമയ്ക്ക് പോകാനായി വണ്ടി വാടകയ്ക്കെടുത്ത് ഹോസ്റ്റലിൽ നിന്നും വിദ‍്യാർഥികൾ നേരത്തെ ഇറങ്ങിയിരുന്നു ഇതിനിടെ ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാർ കെഎസ്ആർടിസി ബസിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ബസ് ഡ്രൈവർ മാധ‍്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മുഖ‍്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും.