ന‍്യൂഡൽഹി: യു.എസ് പര‍്യടനം നടത്തുന്ന ലോക്സഭാ നേതാവ് രാഹുൽ ഗാന്ധി ഇന്ത‍്യയെ ആക്ഷേപിക്കാനാണ് വിദേശ യാത്ര നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്.
രാഹുൽ ഗാന്ധി നടത്തിയ ആർ.എസ്.എസിന് എതിരായ പരാമർശത്തിന്‍റെ പേരിലാണ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ആർ.എസ്.എസിനെ പറ്റി മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ജീവിതത്തിന്‍റെ മുഴുവൻ സമയം വേണ്ടി വരും.
ആർ.എസ്.എസിന്‍റെ പങ്കിനെക്കുറിച്ച് മുത്തശ്ശിയോട് ചോദിക്കാൻ എന്തെങ്കിലും സാങ്കേതിക വിദ്യയുണ്ടെങ്കിൽ അദേഹം അത് ചെയ്യണം അല്ലെങ്കിൽ ചരിത്ര താളുകൾ പരിശോധിക്കണം. ഒരു രാജ്യദ്രോഹിക്ക് ആർ.എസ്.എസിനെ മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല. രാജ്യത്തെ വിമർശിക്കാൻ വിദേശത്ത് പോകുന്നവർക്ക് ആർ.എസ്.എസിനെ ഉൾക്കൊള്ളാൻ കഴിയില്ല. ഇന്ത‍്യയുടെ മൂല‍്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നുമാണ് ആർ.എസ്.എസ് ജനിച്ചതെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു.
യു.എസിലെ ടെക്സസിൽ ഇന്ത‍്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച്‌യ്ക്കിടെ, ആർ.എസ്.എസ് ഇന്ത‍്യയെ ഒറ്റ ആശയത്തിലേക്കാണ് ചുരുക്കാൻ ശ്രമിക്കുന്നതെന്നും എന്നാൽ കോൺഗ്രസ് ബഹുസ്വരതയിലാണ് വിശ്വസിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.
വീടുകളിൽ ഭക്ഷണമുണ്ടാക്കുകയാണ് സ്ത്രീകളുടെ ജോലിയെന്നാണ് ആർ.എസ്.എസും ബി.ജെ.പിയും ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാ മേഖലയിലും സ്ത്രീകൾ നയിക്കട്ടെ എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. പ്രധാനമന്ത്രി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഇന്ത‍്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്കും മനസിലായെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.