നമ്മുടെ കോപത്തിൻ്റെ ഉപരിതലത്തിൽ പലപ്പോഴും ആഴമേറിയതും കൂടുതൽ ദുർബലവുമായ വികാരം ദുഃഖമായിരിക്കും. നമ്മുടെ കോപത്തെ അടുത്തറിയുകയും സമയമെടുത്ത് അതിനെ ശ്രദ്ധിക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അത് നമ്മോട് പറയുന്നത് ഇന്നലകളിൽ വേരുന്നിരിരിക്കുന്ന നമ്മുടെ ഉണങ്ങാത്ത വേദനയുടെയോ, നഷ്ടങ്ങളുടെയോ, മുറിവുകളുടെയോ കഥകളായിരിക്കാം.
കോപം ഒരു സ്വാഭാവിക പ്രതികരണമാണ്. പക്ഷേ, അത് ഇതുവരെ നമ്മുടെ മനസ്സിൽ അനുഭവിക്കാൻ അനുവദിക്കാത്ത സങ്കടത്തിൻ്റെ മുഖംമൂടി കൂടിയാണ്. കോപത്തിൻ്റെ പിന്നിലെ ദുഃഖം അംഗീകരിക്കുന്നതിലൂടെ, നമ്മൾ രോഗശാന്തിക്കുള്ള വാതിൽ തുറക്കുന്നു. നമ്മെത്തന്നെ നന്നായി മനസ്സിലാക്കുന്നതിനുള്ള ഒരു ധീരമായ ചുവടുവെപ്പാണിത്. ന്യായവിധിയേക്കാൾ അനുകമ്പയോടെ നമ്മുടെ വികാരങ്ങളെ അടുത്തറിയുകയും അംഗീകാരിക്കുകയും ചെയ്യുകയാണിത്.
നമ്മുടെ വികാരങ്ങളെ ശ്രദ്ധപൂർവ്വം നീരീക്ഷിക്കുന്നതിലൂടെ നമ്മുടെ വൈകാരിക തലത്തിൻ്റെ പാളികൾ ആഴത്തിൽ അടുത്തറിയുവാനും അതിന്റെ സങ്കീർണ്ണതകളുടെ വഴിയിലൂടെ സഞ്ചരിക്കുവാനും നമുക്ക് കഴിയും. അത് നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ വികാരങ്ങൾ പരസ്പരബന്ധിതമാണെന്ന യാഥാർത്ഥ്യമാണ്. ഈ തിരിച്ചറിവ് നമ്മുടെയും മറ്റുളളവരുടെയും സൗഖ്യത്തിലേയ്ക്കു നയിക്കും.
അടുത്ത തവണ നിങ്ങൾക്ക് കോപം തോന്നുമ്പോൾ ഒരു നിമിഷം അതിനെ ശ്രദ്ധിക്കുക, സ്വീകരിക്കുക, അവധാനപൂർവ്വം ശ്വസിക്കുക. എന്നിട്ട് സ്വയം ചോദിക്കുക, “ഈ കോപം എന്തു സന്ദേശമാണ് എനിക്ക് നല്കാൻ ശ്രമിക്കുന്നത്?” ഉത്തരം കേട്ട് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. ആ വെളിപ്പെടുത്തൽ നിങ്ങളുടെ യഥാർത്ഥ വൈകാരിക സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി കണ്ടെത്തുവാൻ സഹായിച്ചേക്കാം.
സെൻ നല്കുന്ന സന്ദേശം ഇതാണ്: ഓരോ ചുവടും നമ്മെ പൂർണ്ണതയിലേക്ക് അടുപ്പിക്കുന്നു എന്നറിഞ്ഞുകൊണ്ട് നമുക്ക് സ്വയം കണ്ടെത്തൽ പ്രക്രിയയെ സ്വീകരിക്കാം. ഒരു സമയം ഒരു വികാരത്തെ അടുത്തറിയുക.
ശാന്തതയിലും കരുത്തിലും ഈ ദിവസം നമുക്ക് മുന്നോട്ട് പോകാം.
ശുഭദിനം!