കൊച്ചി: സന്താന പുഷ്ടിയുടെ സന്തോഷവും ഐശ്വര്യവും പങ്കുവയ്ക്കുകയെന്ന ലക്ഷ്യവുമായി വലിയ കുടുംബങ്ങളുടെ ത്രിദിന സംഗമം സെപ്റ്റംബര്‍ 20 മുതല്‍ മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. മൂന്നും അതിലധികവും മക്കളുള്ള അഞ്ഞൂറോളം കുടുംബങ്ങളുടെ സാന്നിധ്യം ‘ബിഗ് ഫാമിലി റിട്രീറ്റി’ല്‍ ഇതിനകം ഉറപ്പായിക്കഴിഞ്ഞതായി സംഘാടകരായ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആന്റണി പാലിമറ്റം, ജനറല്‍ സെക്രട്ടറി ജോസ് തട്ടില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വിവിധ സഭാ മേലധ്യക്ഷന്‍മാര്‍ ‘ബിഗ് ഫാമിലി റിട്രീറ്റി’നെ ആശീര്‍വദിക്കാനെത്തും. ബെന്നി ബഹനാന്‍ എം.പി, സനീഷ്‌കുമാര്‍ ജോസഫ് എ.എല്‍.എ തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും സംഗമത്തില്‍ സംബന്ധിക്കുന്ന കുടുംബങ്ങളുമായി സംവദിക്കും. നൈപുണ്യ വികസന വിദഗ്ധന്‍ കൂടിയായ പ്രശസ്ത ഇവാഞ്ചലിസ്റ്റ് എല്‍വിസ് കോട്ടൂര്‍ മുഖ്യ ചര്‍ച്ചകള്‍ നയിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ ഒട്ടേറെ കുടുംബങ്ങള്‍ ഇതിനകം ബിഗ് ഫാമിലി റിട്രീറ്റിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതായി ജനറല്‍ കണ്‍വീനര്‍ സണ്ണി സെബാസ്റ്റ്യന്‍ കാട്ടൂക്കാരന്‍ പറഞ്ഞു.
‘അണു കുടുംബങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പഴയ കുടുംബാസൂത്രണ ആശയങ്ങള്‍ മിക്ക വികസിത രാജ്യങ്ങളും തിരുത്തിയത് ഇന്ത്യ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു എന്ന നിരീക്ഷണമാണ് എക്യുമെനിക്കല്‍ പ്രസ്ഥാനമായ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ പ്രോലൈഫ് വിഭാഗത്തിനുള്ളത്. സന്താനോല്‍പാദനം വേണ്ടെന്ന നിലപാട് വംശനാശത്തില്‍ കലാശിക്കുമെന്നതു വൈകിയെങ്കിലും കണ്ടറിഞ്ഞു തിരുത്തിയ പാഴ്‌സി സമൂഹം സാര്‍വലൗകിക മാതൃകയാവുകയാണിപ്പോള്‍. ജനന നിരക്കിലെ പതനത്തിലൂടെ സമസ്തമേഖലയിലും വന്നുപെടുന്ന അധഃപതനം തിരിച്ചറിയപ്പെടുന്നു. വലിയ കുടുംബങ്ങളുടെ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പിനും ഉയര്‍ച്ചയ്ക്കും വഴിയൊരുക്കുന്ന പദ്ധതികള്‍ക്ക് ബിഗ് ഫാമിലി റിട്രീറ്റില്‍ തുടക്കം കുറിക്കും. ഇതോടൊപ്പം വലിയ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്ക് നൈരന്തര്യം ഉറപ്പാക്കുന്ന ഭാവിപരിപാടികള്‍ക്കും രൂപം നല്‍കും’- ജനറല്‍ കണ്‍വീനര്‍ വ്യക്തമാക്കി.