ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുരുതരമായി പരുക്കേറ്റ രാമങ്കരി സ്വദേശി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈജുവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് സുബിൻ ആണ് വെട്ടിയത്. സംഭവത്തിന് പിന്നാലെ യുവതിയെയും സുബിനെയും കാണാനില്ല.
ഇരുവര്‍ക്കായും രാമങ്കരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 12.30 ഓടേയാണ് സംഭവം. യുവതിയുടെ മുന്‍ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരാണ് ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ബൈജുവിന്‍റെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്. തലയിലും പുറത്തുമായി ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി ബൈജുവിനെ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ച് ദിവസമായി ബൈജുവിനോപ്പം താമസിക്കുകയായിരുന്നു.
ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. വീടിന്‍റെ പിന്‍വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകയറിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.