Timely news thodupuzha

logo

ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ; സർക്കാർ അലംഭാവം പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ്

ചെറുതോണി: കേരളനിയമസഭാ പാസാക്കി ഗവർണറുടെ അംഗീകാരം ലഭിച്ച ഭൂമിപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയും അലംഭാവവും പ്രതിഷേധാർഹമാ ണെന്ന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ഭേദഗതി നിയമം നിയമസഭ പാസാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള ചട്ടങ്ങൾ രൂപീകരിച്ച് നടപ്പിലാക്കിയാൽ മാത്രമേ നിയമനിർമ്മാണം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്നത് വ്യക്തമാകൂ. നിയമത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായി. ഭൂമി പതിവ് നിയമങ്ങൾ ലംഘിച്ച് നടത്തിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനുവേണ്ടി മാത്രമാണ് നിയമ ഭേദഗതി മൂലം പ്രയോജനം ലഭിക്കാൻ സാധ്യതയുള്ളത്. ഇതിനകം പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ പുതിയ നിർമ്മാണങ്ങൾ നടത്തണമെങ്കിൽ ഭൂമി കൃഷിക്കും താമസത്തിനും മാത്രമേ ഉപയോഗിക്കാവൂവെന്ന നിലവിലെ നിയമത്തിൽ എന്തുകൊണ്ട് ഇളവ് നൽകണമെന്ന് നിർദ്ദിഷ്ട ഉദ്യോഗസ്ഥൻ ഉത്തരവിൽ രേഖപ്പെടുത്തണം.

ഇക്കാര്യത്തിൽ സർക്കാർ നയം എന്തെന്ന് വ്യക്തമാക്കണമെങ്കിൽ ചട്ടം നിലവിൽ വരണം. നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ഈടാക്കാൻ ഉദ്ദേശിക്കുന്ന പിഴ തുക തുടങ്ങിയവയിലും വ്യക്തത വരണമെങ്കിൽ ചട്ടം രൂപീകരിക്കപ്പെടണം. പട്ടയ ഭൂമിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പൊതു സ്ഥാപനങ്ങൾക്ക് പിഴയീടാക്കുമോ എന്നും സാധാരണ കർഷകർ നടത്തിയിട്ടുള്ള ചെറുകിട നിർമ്മാണങ്ങൾക്കും പിഴ ഈടാക്കുമോ തുടങ്ങിയ കാര്യങ്ങളും ചട്ടങ്ങളിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇക്കാര്യങ്ങളെല്ലാം വ്യക്തത വരുത്തി ചട്ടം രൂപീകരിക്കാൻ സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിക്കണം.

കാർഡമം ഹിൽ റിസർവ് ഭൂമി വനഭൂമി ആക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന സർക്കാരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. സി എച്ച് ആർ ഭൂമി റവന്യൂ ഭൂമിയാണെന്നും അതിൽ വളരുന്ന മരങ്ങളിൽ വനംവകുപ്പിന് അധികാരം ഉണ്ടെന്നും പി ജെ ജോസഫ് റവന്യൂ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ തന്നെ സംസ്ഥാന സർക്കാർ വ്യക്തതയിൽ എത്തിയിട്ടുള്ളതാണ്. എന്നാൽ സുപ്രീം കോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള സ്റ്റേറ്റ്മെൻറ് ഇതിന് വിരുദ്ധവും കർഷക താല്പര്യങ്ങൾക്ക് എതിരും ഹൈറേഞ്ചിൽ നിന്ന് വൻതോതിൽ ഉള്ള കുടിയിറക്കിന് കാരണമാകുന്നതുമാണെന്ന് കമ്മിറ്റി ആരോപിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, അഡ്വ. തോമസ് പെരുമന, ആൻറണി ആലഞ്ചേരി, നോബിൾ ജോസഫ്, അപു ജോൺ ജോസഫ്, എം മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, വി. എ ഉലഹന്നാൻ, എം. ജെ കുര്യൻ, ജോയികൊച്ചു കരോട്ട്, ബിജു പോൾ, ജോജി ഇടപ്പള്ളികുന്നേൽ, ബാബു കീച്ചേരി, ലത്തീഫ് ഇല്ലിക്കൽ, കെ .കെ വിജയൻ, ജോസ് പൊട്ടൻപ്ലാക്കൽ, അഡ്വ. എബി തോമസ്, സാബു വേങ്ങവേലിൽ, ഷൈനി സജി, ഷൈനി റെജി, ജോൺസ് ജോർജ്, സെലിൻ ജോൺ, റ്റി.വി.ജോസുകുട്ടി , ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി, ഡേവിഡ് അറയ്ക്കൽ, വർഗീസ് സക്കറിയ, പ്രദീപ് ജോർജ്, ഒ.റ്റി. ജോൺ, വിൻസൻ്റ് വള്ളാടി, ജോയി കുടക്കച്ചിറ, പാപ്പ പൂമറ്റം, ചാണ്ടി ആനിത്തോട്ടം, ക്ലമെന്റ് ഇമ്മാനുവൽ, ജെയിസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *