ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് സംബന്ധിച്ച കേസുകൾ ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം.
ഇത് ക്രിമിനൽ കുറ്റമെന്നതിനെക്കാൾ സാമൂഹിക പ്രശ്നമാണ്. സമൂഹത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നമാണിതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വിവാഹിതയായ സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ശാരീരിക ബന്ധം തടയാൻ നിലവിലുള്ള നിയമങ്ങൾക്കൊപ്പം പാർലമെന്‍റ് മറ്റ് പരിഹാരമാർഗങ്ങളും നൽകിയിട്ടുണ്ട്.
ശരിയായ കൂടിയാലോചനകളില്ലാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകരുതെന്നും കേന്ദ്രം. ഭാര്യയുടെ വിസമ്മതത്തെ മറികടക്കാൻ ഭർത്താവിന് ഒരു മൗലികാവകാശവുമില്ലെങ്കിലും, അത്തരമൊരു കുറ്റകൃത്യത്തെ ബലാത്സംഗമായി നിർവചിക്കുന്നത് വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.