Timely news thodupuzha

logo

മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ വിവരം ലഭിച്ചു: അധ്യാപികയായ അമ്പത്തെട്ടുകാരി ഹൃദയം പൊട്ടി മരിച്ചു

ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന വ്യാജ ഫോൺ കോളിന് പിന്നാലെ അമ്മ ഹൃദയം പൊട്ടി മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

സർക്കാർ സ്കൂളിലെ അധ്യാപികയായ മാലതി വർമയാണ്(58) മരിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വ്യാജ ഫോൺകോൾ. പിന്നാലെ തന്നെ മാലതിക്ക് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാട്സാപ്പിലൂടെയായിരുന്നു കോൾ. മകൾ സെക്സ് റാക്കറ്റിന്‍റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കിൽ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇടണമെന്നുമായിരുന്നു ഫോൺ കോൾ.

പരാതി നൽകാനോ മറ്റോ ശ്രമിക്കരുതെന്നും ഫോണിൽ പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമായി ഉൾപ്പെടുത്തിയിരുന്നത്.

മകൾ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടുവെന്ന കാര്യം കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും ഇതിനിടവരുത്താതിരിക്കാനാണ് ഫോൺ വിളിക്കുന്നതെന്നും ഫോണിലൂടെ പറഞ്ഞിരുന്നു.

ഇതെല്ലാം കേട്ട് പരിഭ്രാന്തിയിലായ മാലതി വർമയെ മകൾ ഉൾപ്പെടെയുള്ളവർ വ്യാജ കോളാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും മാലതിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *