തിരുവനന്തപുരം: വിവാദങ്ങളിലകപ്പെട്ട എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. അദ്ദേഹം സായുധ പൊലീസ് ബറ്റാലിയന്‍റെ ചുമതലയിൽ തുടരും.
ആര്‍.എസ്.എസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ നടപടി.
പരാതിക്ക് പിന്നാലെ നടന്ന അന്വേഷണങ്ങളിൽ എ.ഡി.ജി.പി കുറ്റക്കാരനാണെന്നാണ് വിലയിരുത്തൽ. ആരോപണങ്ങൾ കണക്കിലെടുത്ത് അന്വേഷണം തുടരാനും തീരുമാനിച്ചു.
എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. മനോജ് എബ്രഹാം ചുമതല വഹിച്ചിരുന്ന ഇന്‍റലിജൻസ് മേധാവിയുടെ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.
റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയ ശേഷം കാര്യങ്ങള്‍ വിശദീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേസ് സാഹെബും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തൃശൂർ പൂരം വിവാദമായതിന് പിന്നാലെ എ.ഡി.ജി.പിയുടെ മാറ്റത്തിനായി സിപിഐ കടുത്ത സമ്മർദമാണ് സ്വീകരിച്ചിരുന്നത്. നിയമസഭയിലും സി.പി.ഐ അടക്കം ഘടകകക്ഷികളുടെ അതൃപ്തി സർക്കാരിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ആഴ്ചകളോളം മാറ്റിവച്ച നടപടി പ്രഖ്യാപിച്ചത്.
നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും തുടര്‍നടപടികള്‍ക്കുള്ള ശുപാര്‍ശകള്‍ നിര്‍ണായകമായി. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നത്.
തിങ്കളാഴ്ചക്കകം നടപടിയെടുക്കണമെന്നാണ് സി.പി.ഐ നേരത്തെ തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. ഒപ്പം സഭയില്‍ പ്രതിപക്ഷം വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാനുള്ള സാധ്യതയും പരിഗണിച്ചാണ് റിപ്പോര്‍ട്ടിന് പിന്നാലെ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയെയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ഡി.ജി.പി മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയതിന് പിന്നാലെയാണ് ശശിയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വിശദീകരണത്തില്‍ സംശയങ്ങളുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ കോഴിക്കോട്ടെ മാമി തിരോധാന കേസ്, മലപ്പുറത്തെ റിദാന്‍ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായെന്നും വിമര്‍ശനമുണ്ട്.
അതേസമയം കേസുകള്‍ അട്ടിമറിക്കാന്‍ എ.ഡി.ജി.പി ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് റിപ്പോർട്ടിൽ തെളിവുകളില്ല. രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കും ഐ.പി.എസുകാര്‍ക്കുള്ള വിലക്ക് ലംഘിച്ചതായും വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള സന്ദര്‍ശനം പരിചയപ്പെടാനുള്ള സ്വകാര്യ സന്ദര്‍ശനമെന്ന അജിത്കുമാറിന്‍റെ വാദം തള്ളുന്ന റിപ്പോര്‍ട്ട്, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, സര്‍വീസ് ചട്ടലംഘനം എന്നിവയും നിരത്തുന്നുണ്ട്.