തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു.
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തതിന്‍റെ പട്ടികയിലേക്ക് മാറ്റിയെന്ന് സതീശൻ ആരോപിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിക്കുകയായിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്.
ഇതിനിടെ മുഖ്യമന്ത്രി മറുപടി പ്രസംഗം തുടരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആർ വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. എ.ഡി.ജി.പി – ആര്‍.എസ്.എസ് കൂടിക്കാഴ്ച വി.ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു.
മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. ചോദ്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. ഇക്കാര്യത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ മറുപടി നൽകി. ഇതോടെ സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു.