രാജാക്കാട്: തകർന്ന് തരിപ്പണമായി പോസ്റ്റാപ്പീസ് പടി മന്നാക്കുടി അംഗൻവാടി റോഡ്.രാജാക്കാട് എല്ലക്കൽ റോഡിൽ നിന്നും പഴയ പോസ്റ്റാപ്പിസ് പടിക്കൽ നിന്ന് രണ്ടാം വാർഡുവഴി കടന്ന് പോകുന്ന ടാറിംഗ് റോഡാണ് കഴിഞ്ഞ മൂന്ന് വർഷമായി തകർന്ന് കിടക്കുന്നത്.
ഒരു കിലോമീറ്ററിൽ താഴെ ദൂരം വരുന്ന റോഡിൽ കയറ്റം കൂടുതലുള്ള ഭാഗമാണ് തകർന്നു കിടക്കുന്നത്.സമീപകാലത്ത് ജൽജീവൻ മിഷൻ്റെ ഭാഗമായി റോഡരിക് കുഴിച്ച് പൈപ്പിട്ടതിനാൽ ചെളിമൂടിയും ഗതാഗതം തടസ്സപ്പെടുന്നുണ്ട്.
പല സ്ഥലത്തും വെള്ളം കുത്തിയൊലിച്ച് പൈപ്പ് മൂടിയ മണ്ണും ഒലിച്ചുപോയിട്ടുണ്ട്. രാജാക്കാട് പഞ്ചായത്തിലെ ആദ്യകാല റോഡായ ഇതുവഴിയാണ് കുരങ്ങുപാറ, ഈറ്റക്കാനം,ജോസ്ഗിരി പ്രദേശങ്ങളിലേക്ക് പോയി കൊണ്ടിരുന്നത്.
അംഗൻവാടിയിലേക്കുള്ള കുട്ടികളെ കൊണ്ട് വരുന്ന വാഹനങ്ങളും, സ്കൂൾ, കോളേജ് ബസുകളും ഇതുവഴിയാണ് കടന്ന് പോകുന്നത്. റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവരുടെ വീട്ടിലേക്ക് ഓട്ടോറിക്ഷാ വിളിച്ചാൽ പോലും വരില്ല. കഴിഞ്ഞ രണ്ട് വർഷമായി ഒരു അറ്റകുറ്റപണി പോലും ഇവിടെ നടന്നിട്ടില്ല. അടിയന്തിരമായി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.