Timely news thodupuzha

logo

കേരള പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: കേരള പൊലീസിന്‍റെ തലപ്പത്ത് വീണ്ടും കാര്യമായ അഴിച്ചുപണിക്ക് കളമൊരുങ്ങി. ഡി.ജി.പി റാങ്കിൽ നാല് ഉദ്യോഗസ്ഥരുള്ള കേരളത്തിൽ അഞ്ചാമത് ഒരാൾ കൂടി എത്തുന്നതോടെയാണിത്.

ബി.എസ്.എഫ് ഡയറക്റ്ററായിരുന്ന നിധിൻ അഗർവാളിന്‍റെ കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിച്ച് ഈ മാസം തന്നെ കേരളത്തിൽ തിരിച്ചെത്തും. സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയുള്ള ഷേക്ക് ദർവേശ് സാഹിബിന് അടുത്ത വർഷം ജൂൺ വരെ കാലാവധിയുണ്ട്.

അതിനാൽ തന്നെ അദ്ദേഹത്തെക്കാൾ സീനിയോറിറ്റിയുണ്ടെങ്കിലും നിധിൻ അഗർവാളിനെ പൊലീസ് മേധാവിയാക്കില്ല. അതേസമയം, ഫയർഫോഴ്സ് ഡി.ജി.പി കെ പത്മകുമാറിന് പൊലീസ് മേധാവിയെക്കാൾ സീനിയോറിറ്റിയുള്ളതാണ്.

അടുത്ത ഏപ്രിൽ വരെ മാത്രമാണ് അദ്ദേഹത്തിനു സർവീസുള്ളത്. വിജിലൻസ് ഡയറക്റ്റർ യോഗേഷ് ഗുപ്തയാണ് ഡി.ജി.പി റാങ്കിൽ സംസ്ഥാനത്തുള്ള മറ്റൊരു ഉദ്യോഗസ്ഥൻ. മനുഷ്യാവകാശ കമ്മിഷനിൽ ഡി.ജി.പി തസ്തികയിൽ തന്നെ സഞ്ജീവ് കുമാർ പട്ജോഷിയുമുണ്ട്.

ഡിസംബറിൽ പട്ജോഷിയുടെ കാലാവധി അവസാനിക്കും. പൊലീസ് മേധാവി സ്ഥാനം ഒഴികെ മറ്റ് മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും നിധിൻ അഗർവാളിനു നൽകാനാണ് സാധ്യത. അതല്ലെങ്കിൽ, ജയിൽ മേധാവിയായും നിയമിക്കാം.

നിലവിലുള്ള ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ ഡിജിപിയല്ല, എ.ഡി.ജി.പിയാണ്. ഇതോടൊപ്പം, പൊലീസ് അക്കാഡമി ഡയറക്റ്റർ, വിജിലൻസ് എ.ഡി.ജി.പി, കോസ്റ്റൽ എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമ്മിഷണർ പദവികളിൽ നിയമനം നടത്താനുമുണ്ട്.

ഇതെല്ലാം എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്ന പോസ്റ്റുകളാണ്. അതേസമയം, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആർ അജിത്കുമാർ എന്നിവർ അടുത്ത വർഷം ഡി.ജി.പി റാങ്കിലെത്താൻ സാധ്യതയുള്ളവരാണ്. അജിത്കുമാറിന്‍റെ കാര്യത്തിൽ, ഇപ്പോഴത്തെ വിവാദങ്ങളുടെയും അന്വേഷണത്തിന്‍റെയും പോക്ക് അനുസരിച്ചായിരിക്കും തീരുമാനം. അദ്ദേഹത്തിന് തടസമുണ്ടായാൽ എസ് ശ്രീജിത്തിന് ഡി.ജി.പി റാങ്ക് ലഭിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *