തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത രണ്ട് ദിവസം തീവ്ര മഴയ്ക്ക് സാധ്യത. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിക്തമായ മഴ തുടരും. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്.
ഇടിമിന്നലോടു കൂടിയ അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ്(24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ലഭിക്കുക.
ഇതോടൊപ്പം കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം തീരമേഖലകളിൽ ബുധനാഴ്ച രാത്രി 11.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ കേരള-കർണാടക-ലക്ഷദ്വീപ് ഭാഗത്ത് കാറ്റിൻറെ വേഗത ശക്തമാകാൻ(ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ) സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
അടുത്ത രണ്ട് ദിവസത്തേക്കുള്ള മുഴ മുന്നറിയിപ്പ് – 16/10/2024: മലപ്പുറം, കണ്ണൂർ(ഓറഞ്ച് അലർട്ട്), 16/10/2024: തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്(യെല്ലോ അലർട്ട്), 17/10/2024: കോഴിക്കോട്, കണ്ണൂർ(ഓറഞ്ച് അലർട്ട്), 17/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം(യെല്ലോ അലർട്ട്).