Timely news thodupuzha

logo

അന്തരിച്ച കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ അനുസ്മരിച്ച് ഇടുക്കി കളക്ടറേറ്റ് ജീവനക്കാർ

ഇടുക്കി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ നിര്യാണത്തിൽ ഇടുക്കി കളക്ടറേറ്റ് ജീവനക്കാർ അനുശോചനം രേഖപ്പെടുത്തി. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ് അനുസ്മരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ ആത്മഹത്യ ഏറെ ദൗർഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതും ആണെന്ന് കലക്ടർ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുള്ള കരുത്ത് ഉണ്ടാവട്ടെ എന്ന് ജില്ലാ കലക്ടർ പ്രത്യാശ പ്രകടിപ്പിച്ചു. ഔദ്യോഗിക രംഗത്ത് ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിന് ജീവനക്കാർ മനോവീര്യം ആർജിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

മുൻകാലങ്ങളിൽ നവീൻ ബാബുവിനൊപ്പം പ്രവർത്തിച്ച ജീവനക്കാർ അദ്ദേഹവുമായുള്ള സർവീസ് കാലഘട്ടത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു. ഇടുക്കി ജില്ലാ കളക്ടറേറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ എഡിഎം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഫിലിപ്പ്, അതുൽ എസ് നാഥ്, ജില്ലാ ലോ ഓഫീസർ രഘുറാം ജി, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ എസ്. എസ് ബിനു, ഹുസൂർ ശിരസ്തദാർ ജ്യോതി ജി.വി, സീനിയർ സൂപ്രണ്ടുമാരായ ബിനു ജോസഫ്, ബിജു , സ്റ്റാഫ് പ്രതിനിധികളായ ജിംഷാദ് എ, അജി ബി, സുഭാഷ് ചന്ദ്ര ബോസ് , രാജ്മോൻ എം എസ് എന്നിവർ സംസാരിച്ചു.

സർക്കാർ ജീവനക്കാർക്ക് ഭയാശങ്കകൾ ഇല്ലാതെ ജോലി നിർവഹിക്കുന്നതിന് സാഹചര്യമൊരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ അന്വേഷണത്തിലൂടെ കണ്ടെത്തി ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നൽകി. അന്തരിച്ച എ.ഡി.എം.നോടുള്ള ആദരസൂചകമായി എല്ലാ ജീവനക്കാരും ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *