കണ്ണൂർ: നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് അറിയിച്ചു.
കളക്‌ടർ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിനാണ് കളക്‌ടർ മറുപടി നൽകിയത്. യാത്രയയപ്പ് പരിപാടി നടത്തുന്നത് താനെല്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും അതിനാൽ താൻ ആരെയും ക്ഷണിക്കേണ്ടതില്ലെന്നുമാണ് കളക്‌ടർ പറഞ്ഞത്.
എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രോട്ടോക്കോള്‍ പ്രകാരം തടയുന്നത് ശരിയല്ലെന്നും അതിന് കഴിയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. കുടുംബത്തിന് നല്‍കിയ കത്ത് കുറ്റസമ്മതമല്ലെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും കളക്‌ടർ പറഞ്ഞു. കളക്‌ടറാണ് തന്നെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചതെന്നാണ് പി.പി ദിവ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അറിയിച്ചത്.