ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ ഓടിച്ച വിദ്യാർഥിയെ പ്രതിയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സി.സി.റ്റി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്.
ഇതേ തുടർന്ന് ഭാരതീയ ന്യായ സംഹിത 106 പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കുറ്റമാണ് വിദ്യാർഥിയുടെ മേൽ ചുമത്തിയിരിക്കുന്നത്. കെ.എസ്.ആർ.റ്റി.സി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്.
കാറോടിച്ച വിദ്യാർത്ഥി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. കുട്ടിയുടെയും മാതാപിതാക്കളുടെയും മാനസികാവസ്ഥ പരിഗണിച്ച് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും ആലപ്പുഴ എൻഫോഴ്സ്മെൻറ് ആർ.റ്റി.ഒ അറിയിച്ചു.
അതേ സമയം വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയ കാർ ഉടമയ്ക്കെതിരേ മോട്ടോർ വാഹന വകുപ്പ് കേസെടുക്കും. കാറിൻ്റെ ഉടമ ഷാമിൽ ഖാന് വാഹനം റെൻറിന് നൽകാനുള്ള ലൈസൻസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.