Timely news thodupuzha

logo

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; നടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാനായി ഒരു നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

കലോത്സവങ്ങളിലൂടെ ഉയർന്നു വന്ന നടിയാണെന്നും അവർക്ക് പണത്തോട് ആർത്തിയും അഹങ്കാരവുമാണെന്നും മന്ത്രി പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു.

അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രവലിയ തുക നൽകി കുട്ടികളെ സ്വാഗത ഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.

സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്‌ത ചില നടിമാർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചത്. ഇത്തരക്കാർ പിൻതലമുറയ്‌ക്ക് മാതൃകയാകേണ്ടവരാണെന്നും അതിനാലാണ് അവരെ പഠിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *