പരിശുദ്ധ ദൈവമാതാവ് തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബദ്‌ലഹേം എന്ന നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി.
ലോകത്തോട് സ്വന്തം ജീവിതം വഴി സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും വിപ്ലവം പ്രസംഗിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു. യേശുവിന്റെ ജനനം ഒരു പാതിരാത്രിയിൽ ആയിരുന്നു. അധ്വാനത്തിന്റെ പകൽ അസ്തമിച്ച് വിശ്രമവും ഉറക്കവും കഴിഞ്ഞ് പാതിരാത്രിക്ക് ശേഷം പുതിയൊരു പകലിന്റെ തുടക്കമാണ്. ഇരുട്ട് മാറി കിഴക്ക് പുതിയൊരു സൂര്യോദയം തുടങ്ങുകയാണ്. രാമായണമാസത്തിൽ രാമായണ വായനയ്ക്ക് ഊന്നൽ നൽകുന്നതും മനുഷ്യമനസ്സിലെ രാമായണം അതായത് ഇരുൾ മായുക എന്നത് തന്നെയാണ് അർത്ഥമാക്കുന്നത്.
ശാന്ത രാത്രി തിരുരാത്രി സമാധാനത്തിന്റെയും ശാന്തിയുടെയും രാത്രി എന്നിങ്ങനെ ആ രാത്രിയെപ്പറ്റി എത്രയോ പ്രസിദ്ധങ്ങളായ പാട്ടുകളുണ്ട്. യേശുവിൻറെ പുനരുത്ഥാനവും പാതിരാത്രി കഴിഞ്ഞാണ്. ഞാൻ പ്രകാശമാകുന്നു എൻ്റെ പിന്നാലെ നടക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുന്നില്ല എന്ന് പറഞ്ഞത് യേശു മാത്രമാണ്.
ഡിസംബർ ആകുമ്പോഴേക്കും പ്രകൃതി തന്നെ മാറുന്നു. പകലുകളൊക്കെ സൂര്യൻ ചൂടു തരുന്നു. രാത്രിയിൽ ചന്ദ്രൻ നിലാവ് തരുന്നു. മൂടൽമഞ്ഞ് പരക്കുന്ന അന്തരീക്ഷം ചെടികളിൽ ഒക്കെ പൂക്കൾ നിറയുന്നു. രാത്രികാലങ്ങളിൽ മരങ്ങളിൽ നിറയെ മിന്നാമിനുങ്ങുകൾ കൺ ചിമ്മുന്നു. ആകാശമാകട്ടെ നീലവിതാനമണിയുന്നു. എവിടെയും മനോഹരമായ പ്രകൃതി പൊടിമഞ്ഞുവീണ് കിടക്കുന്ന പുൽമൈതാനങ്ങളിൽ ആടുകൾ മേഞ്ഞു നടക്കുന്നു. ആട്ടിടയന്മാർ കൊച്ചു കൊച്ചു കൂടാരങ്ങളിൽ വിശ്രമിക്കുന്നു. പൂർണ്ണചന്ദ്രൻ ഭൂമിയിലേക്കുറ്റുനോക്കി പുഞ്ചിരിതൂകുന്നു. ആ പുഞ്ചിരിയുടെ പുറകിൽ ലോകത്തിന് സംഭവിക്കാനിരിക്കുന്ന ഭാഗ്യോദയത്തിന്റെ പ്രകാശം.
ക്രിസ്തുമസ് അതായത് യേശുവിന്റെ ജനനം ഒരു പിറവിയുടെ ഓർമ്മ പുതുക്കൽ മാത്രമല്ല ചരിത്രം രണ്ടായി വിഭജിക്കപ്പെട്ടതിന്റെ സ്മരണ കൂടിയാണ്. എന്തിനും വാളെടുക്കുന്ന കാലഘട്ടത്തിൽ നിന്നും സ്നേഹത്തിന്റെയും കരുണയുടെയും കൈപിടിച്ച് പ്രതീക്ഷയുടെ വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ചിറകടി ശബ്ദമാണ് ബെദ്‌ലഹേമിലെ പിള്ളത്തൊട്ടിലിൽ നിന്നുയർന്ന കുഞ്ഞുണ്ണിയുടെ ശബ്ദം.
ലോകം ഒന്നാകെ ആഘോഷിക്കുന്ന ഒരു പിറവിയുടെ ഓർമ്മ പുതുക്കലാണ് ക്രിസ്തുമസ്. പ്രകൃതി പോലും അണിഞ്ഞൊരുങ്ങുന്നുണ്ട് ഡിസംബറിൽ. ‘നിങ്ങൾ കാണുന്നത് കാണാനും കേൾക്കുന്നത് കേൾക്കാനും എത്രയോ പ്രവാചകന്മാർ കൊതിച്ചിരുന്നു എന്നാൽ നിങ്ങൾക്കാണന്നതിന് ഭാഗ്യം ലഭിച്ചത് നിങ്ങൾക്കാണ് എന്ന് യേശു തന്റെ ശിഷ്യരോട് ഒരിക്കൽ പറയുന്നുണ്ട്.
യേശുവിൻറെ പിറവിയും അതിനോട് അനുബന്ധിച്ച് ഉണ്ടായ സംഭവങ്ങളും നമുക്ക് തരുന്ന സന്ദേശങ്ങൾ വളരെ വലുതാണ്. മറിയവും ജോസഫും മുട്ടുന്ന വാതിലുകൾ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങൾ അല്ലേ. അന്ന് ബെദ്ലഹേമിലെ വീടുകളുടെ വാതിലുകളിൽ ഉണ്ണിക്ക് പിറക്കാൻ ഒരിടം തേടി ചെന്നപ്പോൾ അവരൊന്നും ഇടം കൊടുത്തില്ല. ഇടം കൊടുത്തിരുന്നെങ്കിലോ അവർ ലോകാവസാനത്തോളം ചരിത്രത്തിൽ ഇടം തേടിയേനെ. ലോകം അവരെ വാഴ്ത്തി പാടിയേനെ. അവസരങ്ങൾ ഇങ്ങോട്ട് വരുമ്പോൾ തള്ളിക്കളയരുതെന്ന ഒരു വലിയ പാഠമാണ് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നത്.
അവർക്കൊക്കെ ധാരാളം ഒഴിവുകൾ പറയാനുണ്ടാകും. ജനങ്ങളുടെ അണക്കെടുപ്പിന് വരുന്നവർക്ക് ഒക്കെ ഇടം കൊടുത്ത സ്ഥലമില്ലാത്തത്. പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീക്ക് ഇടം കൊടുത്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അങ്ങനെ പലതും. ഇന്നും മനുഷ്യമനസ്സുകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ അന്യരെ സഹായിക്കുന്നതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കാലിത്തൊഴുത്തിൽ ഇടയുണ്ട് എന്ന് പറയുമ്പോൾ അത് സ്വീകരിക്കാനുള്ള മറിയത്തിന്റെയും ജോസഫിന്റെയും എളിമ നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. യാത്രയിലെ ക്ഷീണം എല്ലാം മറന്ന് തൊഴുത്തിന്റെ പുല്ലു ശേഖരിക്കുന്ന ഭാഗം വൃത്തിയാക്കി അതിൽ ……… ……….. വിരിച്ച് കുഞ്ഞിനെ കിടത്തുന്ന അമ്മ. നമ്മുടെ ഹൃദയങ്ങളും നാം വസിക്കുന്ന ചുറ്റുപാടും വൃത്തിയായി മനോഹരമാക്കി വെക്കേണ്ടതിനെ പറ്റി നമ്മെ ഓർമിപ്പിക്കുന്നു.
ഞാനും എന്റേത് മാത്രമായി നാം ചുരുങ്ങിപ്പോകുന്നതിനെ നാം മാറ്റേണ്ടിയിരിക്കുന്നു. മനുഷ്യഹൃദയങ്ങളിലെ ഇരുണ്ട പ്രപഞ്ചം നാം വെളിച്ചത്തിന്റെതാക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനസ്സിലെ ഉണങ്ങിയ വൈക്കോൽ കൂനകളും ദുർഗന്ധം വമിക്കുന്ന ചാണക കൂമ്പാരങ്ങളും മാറ്റി കളഞ്ഞ് വൃത്തിയാക്കണം. നാം വസിക്കുന്ന ഇടം വീട് പരിസരം നാട് രാജ്യം ലോകം എന്നിങ്ങനെ നമ്മുടെ മനസ്സ് വിശാലമാകട്ടെ. ഞാനും എന്റേതും മാത്രമല്ല ലോകം മുഴുവനും എന്റേത് എന്ന ആശയത്തിലേക്ക് നമുക്ക് എത്താൻ ഈ ക്രിസ്തുമസ് ആഘോഷങ്ങൾ സഹായിക്കട്ടെ.
മൂന്ന് രാജാക്കന്മാരുടെ ബെദ്ലഹേം സന്ദർശനത്തെപ്പറ്റി പറയാതെ ക്രിസ്തുമസ് പൂർണ്ണമാവില്ല. ഗണിച്ചും കൂട്ടിയും വായിച്ചും ചിന്തിച്ചും ഒരു രാജാവ് പിറക്കുന്നതിനെപ്പറ്റി ചിന്തിച്ചിരിക്കുന്ന രാജാക്കന്മാർ. മൂന്നുപേരും മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർ പക്ഷേ അവരുടെ ചിന്തകളിലും ഗണനങ്ങളിലും ഒരേ തീരുമാനങ്ങളാണ് ഉരുത്തിരിഞ്ഞത്. ഗൂഗിൾ മാപ്പ് ഒന്നുമില്ലാത്ത കാലത്ത് പ്രകൃതി അവർക്കായി ഒരു നക്ഷത്രത്തെ വഴികാട്ടാൻ അയയ്ക്കുന്നു. നാം ഒന്ന് നേടിയെടുക്കണം എന്ന് ആശിച്ചാൽ ലോകം മുഴുവൻ നമുക്ക് അനുകൂലമായി വരും എന്നു പറയുന്നത് എത്ര നേരാണ്.
മഞ്ഞു കണങ്ങൾ ഒന്നൊന്നിനോട് തൊടാതെ പെയ്യുന്ന രാത്രികൾ. പകൽ കുറവും രാത്രി കൂടുതലും….. കാടുകളും നദികളും അറിയാത്ത വഴികൾ ആകാശത്തു വഴികാട്ടുന്ന നക്ഷത്രം മാത്രമാണ് ആശ്രയം അവസാനം അന്വേഷിച്ചവരൊക്കെ കാട്ടിക്കൊടുത്ത വഴി രാജകൊട്ടാരത്തിലേക്ക് അവർ ചെന്നു. എന്നാൽ ‘നിങ്ങൾ തിരിച്ചുവന്ന് എന്നെ കാണണം’ എന്ന കെണിയിൽ അവർ വീണില്ല. ഇവിടെയാണ് ആ രാജാക്കന്മാരുടെ മഹത്വം മനസ്സിലാക്കുക. തെറ്റും ശരിയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും ഇതാണ് ഇന്നത്തെ തലമുറ അനുകരിക്കേണ്ടത്. മുന്നോട്ടുള്ള യാത്രയിൽ വഴിമുട്ടുമ്പോൾ ഒന്നുകിൽ മുന്നിലുള്ളവനെ തകർക്കുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്നൊക്കെ ചിന്തിക്കുന്നിടത്താണ് നന്മയും തിന്മയും നേർക്കുനേർ വരുന്നത്.
ദുരിതവും നിന്ദനവും അപമാനവും ഒറ്റപ്പെടലും ഒക്കെ ഉണ്ടാകും. ആത്മീയമായ സംഘർഷങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാകും. മനുഷ്യനും വിധിയും തമ്മിൽ മനുഷ്യനും ദൈവവും തമ്മിൽ നേർക്കുനേർ വരുമ്പോൾ മനസ്സു കൈവിട്ടു പോകും എന്നാകുമ്പോൾ നമുക്ക് വേണ്ടി ദൈവം ഒരു ആത്മീയ നക്ഷത്രത്തെ നമുക്കായി വഴിയൊരുക്കാനയയ്ക്കും. ഒരുപക്ഷേ ഒരു വ്യക്തിയാകാം ഒരു സംഭവമാകാം ഒരു തിരുനാൾ ആകാം എന്തുമാകട്ടെ അതിൽ നിന്നൊക്കെ നാം ചിന്തിച്ചു ഗണിച്ചും നമ്മുടെ വഴി നാം കണ്ടു പിടിക്കണം. നന്മയിലേക്കുള്ള വഴി കണ്ടെത്തലാണ് ഓരോ ക്രിസ്തുമസ് കാലവും. നാം ആഘോഷത്തിൽ ആകുമ്പോൾ അടുത്തുള്ളവനെ മറക്കാതിരിക്കാം. ഓരോ മനുഷ്യനും സഹിക്കുന്ന വിധി ശാപങ്ങളുടെ കുരിശു മരണങ്ങൾ ഒറ്റപ്പെടലിന്റെ വേദനകൾ രോഗപീഠകളുടെ ആഴങ്ങൾ ചതിയുടെ ഇരകൾ ശിശുക്കളുടെ നിഷ്കളങ്ക കണ്ണീർ ചാലുകൾ ഇവയൊക്കെ കാണാനും ഹൃദയത്തിലേറ്റാനും ഓരോ ക്രിസ്തുമസ്സും നമുക്ക് വഴികാട്ടി ആകട്ടെ.