കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിൽ നടത്തമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ല, വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്.
വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തു വരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നുമാണ് ഹർജിയിൽ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൻറെ അന്തിമ വാദം ബുധനാഴ്ചയാണ് ആരംഭിച്ചത്.
സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.
നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു. 2018 മാർച്ചിൽ ആരംഭിച്ച കേസിൻറെ വിചാരണ നടപടികളാണ് അവസാനഘട്ടത്തിലേക്ക് എത്തുന്നത്.
കേസിലെ സാക്ഷിവിസ്താരം ഒന്നര മാസം മുൻപ് പൂർത്തിയായിരുന്നു. കേസിൻ്റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.