കൊച്ചി: ശബരിമലയിൽ ദിലീപിന് വി.ഐ.പി പരിഗണന നൽകിയത് ഗൗരവകരമായ വിഷയമെന്ന് ഹൈക്കോടതി. ഇവരെപ്പോലുള്ള ആളുകൾക്ക് എന്തിൻറെ പേരിലാണ് പ്രത്യേക പരിഗണന നൽകുന്നത്? ഇത്തരം ആളുകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൻറെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു. സോപാനത്തിന് മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
ദൃശ്യങ്ങൾ തുറന്ന കോടതിയിലാണ് പരിശോധിച്ചത്. ഒന്നാം നിരയിലെ എല്ലാ ആളുകളെയും തടഞ്ഞുവെന്നും ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും, പൊലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് കോടതി താക്കീത് നൽകി. വിഷയം നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.