കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസുമായി മുന്നോട്ടു പോവാൻ താത്പര്യമില്ലെന്ന് ഹർജിക്കാർ. മാല പാർവതി ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ താത്പര്യമില്ല, പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ല.
കമ്മറ്റിയുടെ മുന്നിലാണ് മൊഴി നൽകിയതെന്നും പരാതിയല്ല നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. താത്പര്യമില്ലാത്തവരുടെ മൊഴിയടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ 19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.
അതേ സമയം, ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരാൻ മറ്റൊരു നടി കൂടി അപേക്ഷ നൽകിയിരുന്നു. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹർജിയിൽ പറയുന്നു.