കൊച്ചി: ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിൽ അംഗീകരിക്കാനാവുന്ന കാര്യമല്ലെന്ന് ഹൈക്കോടതി.
എന്ത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതി വിലയിരുത്തേണ്ട ആവശ്യമില്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിൻറെ ഫലമാണ്.
ധരിക്കുന്ന വസ്ത്രത്തിൻറെ അടക്കം പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ എത്തിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ്ങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്.
വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണമെന്ന കുടുംബക്കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.