ബ്രിസ്ബെയ്ൻ: ഇന്ത‍്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഗാബയിൽ തുടക്കം. ടോസ് നേടിയ ഇന്ത‍്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. ആദ‍്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഒറ്റ വിക്കറ്റും നഷ്ടമാവാതെ 28 റൺസെന്ന നിലയിലാണ്.
19 റൺസുമായി ഉസ്മാൻ ഖവാജയും നാല് റൺസുമായി നഥാൻ മക്സ്വീനിയുമാണ് ക്രീസിൽ. മഴയെ തുടർന്ന് രണ്ട് തവണ ബാറ്റിങ് നിർത്തിവയ്ക്കേണ്ടി വന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത‍്യ ഗാബയിൽ മൂന്നാം ടെസ്റ്റ് കളിക്കുന്നത്.
രവിചന്ദ്രൻ അശ്വിന് പകരം രവിന്ദ്ര ജഡേജയും ഹർഷിത് റാണയ്ക്ക് പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമിലാകട്ടെ സ്കോട്ട് ബോലാൻഡിന് പകരം ജോസ് ഹേസിൽവുഡ് ടീമിൽ തിരിച്ചെത്തി. മികച്ച തുടക്കത്തോടെയായിരുന്നു ഓസീസിൻറെ ബാറ്റിങ്ങ്.
ഒരവസരം പോലും നൽകാതെയാണ് ഓസീസ് ഓപ്പണർമാർ 13 ഓവറും കളിച്ചത്. ആദ‍്യ ഓവറുകളിൽ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഓസീസ് ഓപ്പണർമാർക്കെതിരേ കാര‍്യമായ ഭീഷണി ഉയർത്താനായില്ല. ബൗളിങ് മാറ്റമായി ആകാശ് ദീപിനെ കൊണ്ടുവന്നെങ്കിലും വിക്കറ്റ് വീഴ്ത്താൻ ആകാശിനുമായില്ല.